sivagiri-

ശിവഗിരി തീർത്ഥാടനത്തിന്റെ ഉള്ളടക്കം തികച്ചും വ്യത്യസ്തമാണ്. ഉള്ളടക്കത്തിന്റെ പുതുമയും ഉൾക്കാഴ്ചയുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ സവിശേഷത. ഏതു വിഷയത്തിനും അത്യാവശ്യമായ നവീനത നൽകുന്നതാണ് ഗുരുദേവദർശനത്തിന്റെ പ്രത്യേകത. അഗാധമായ ഉൾക്കാഴ്ചകൾ നിറച്ചുവയ്‌ക്കാനാണ് പരിചിതമായ സങ്കേതങ്ങളെ ഗുരുദേവൻ ഉപയോഗിച്ചിരുന്നത്. നിരവധി ശ്രദ്ധേയമായ സൂക്ഷ്മതലങ്ങൾ ശിവഗിരി തീർത്ഥാടന സങ്കല്പത്തിനകത്ത് കാണാനാകും. എന്തെന്നാൽ ജീവിതത്തിന്റെ സമഗ്രതയിലാണ് മഹാഗുരു കണ്ണുതുറന്നത്.

ഗുരുദേവന്റെ പ്രധാനപ്പെട്ട വചനങ്ങൾ ശിവഗിരി തീർത്ഥാടനത്തിൽ ചർച്ച ചെയ്യപ്പെടുന്നതും അതുകൊണ്ടാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്, മദ്യം വിഷമാണ്, അതുണ്ടാക്കരുത് കുടിക്കരുത്, വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുക, വിദ്യകൊണ്ട് സ്വതന്ത്രരാകുക, മിശ്രവിവാഹവും പന്തിഭോജനവും പ്രോത്സാഹിപ്പിക്കുക, സംഘടനകൊണ്ട് ശക്തരാവുക, ആചാരമര്യാദകളിൽ മിതത്വം പാലിക്കുക, മിതവ്യയം ശീലമാക്കുക, പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം, സംസ്കൃതം പഠിക്കണം. ഇക്കാലത്ത് മുഖ്യം ഇംഗ്ളീഷാണ്. അത് പഠിച്ചില്ലെങ്കിൽ വളരുന്ന ലോകവുമായി ബന്ധമുണ്ടാകുകയില്ല.

വിവേകം താനേ വരുമോ? വരില്ല. അതിന് നല്ല പുസ്തകങ്ങൾ വായിക്കണം.

ഒരുവന് നല്ലതുമന്യനല്ലലും ചേർപ്പൊരു തൊഴിലാത്മ വിരോധിയോർത്തീടേണണം. ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്. ചെയ്യുന്നതെല്ലാം ഭംഗിയായി ചെയ്യണം. ഏത് ജോലിയും ചെയ്യാൻ മടിക്കരുത്. ചുടലക്കാട് സൂക്ഷിച്ചില്ലേ ഹരിശ്ചന്ദ്ര മഹാരാജാവ്. വിവാഹത്തിന് സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് മക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് പോലെയാണ്. സന്യാസി എന്നാൽ പരോപകാരി. ത്യാഗി സ്വാർത്ഥം വെടിഞ്ഞു പൊതുജനങ്ങൾക്കുവേണ്ടി പ്രവൃത്തിചെയ്യുന്നവർ സന്യാസിമാരാണ്. ഗുരുദേവന്റെ പ്രധാനപ്പെട്ട മതാതീത ആത്മീയ വചനങ്ങൾ ചർച്ചചെയ്യുന്നതുകൂടിയാണ് ശിവഗിരി തീർത്ഥാടനത്തിന്റെ മുഖ്യലക്ഷ്യം.

ഗുരുദേവൻ കാലത്തിന്റെ ദൃഷ്ടിയിൽ നിന്നും ഭൗതികമായി മറഞ്ഞുപോയിട്ട്പതിറ്റാണ്ടുകൾ കടന്നുപോയി. ആ ആത്മീയ സാന്നിദ്ധ്യം എങ്ങും നിറഞ്ഞുനിൽക്കുന്നു. ഗുരുവിന്റെ ആദർശാധിഷ്ഠിതമായ തത്വസംഹിതകളെക്കുറിച്ച് ഇനിയും നാം ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

(ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറിയാണ് ലേഖകൻ.

ഫോൺ: 8078108298)