
വർക്കല: സഹോദരിയുമായുള്ള വഴക്കിനിടെ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ഇടവ പാറയിൽ ചരിവിൽ കുന്നുവിള വീട്ടിൽ റസാഖ് (27) ആണ് അറസ്റ്റിലായത്. ഡിസംബർ 10നാണ് മാതാവ് ഷാഹിദ (49)യെ റസാഖ് തല്ലുകയും തൊഴിക്കുകയും ചെയ്തത്. രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ സഹോദരി റഹീമയുമായി വഴക്കിടുകയും ഇരുവരും തമ്മിൽ അടിപിടി കൂടുകയും ചെയ്യുന്നതിനിടെ തടസം പിടിക്കാനെത്തിയതാണ് മാതാവ് ഷാഹിദ. ലക്കുകെട്ടുനിന്ന റസാഖ് പൊടുന്നനെ മാതാവിനെ ആക്രമിക്കുന്ന ദൃശ്യം സഹോദരി റഹീമ മൊബൈൽ ഫോണിൽ പകർത്തി ഓച്ചിറയിൽ താമസിക്കുന്ന പിതാവിന് അയച്ചുകൊടുത്തു. അത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ അയിരൂർ പൊലീസ് വീട്ടിലെത്തി കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്ന് ഷാഹിദ പറഞ്ഞെങ്കിലും സംഭവത്തിൽ സ്വമേധയ പൊലീസ് കേസെടുക്കുകയായിരുന്നു. ഷാഹിദയുടെ ഭർത്താവ് റഹിം ഏറെനാൾ വിദേശത്തായിരുന്നു. ഇപ്പോൾ ജോലി സംബന്ധമായി ഓച്ചിറയിലാണ് താമസം. ആഴ്ചകളിലാണ് ഇടവയിലെ വീട്ടിലെത്തുന്നത്. വിവാഹിതനായ റസാഖ് ചെറുന്നിയൂരിലെ ഭാര്യവീട്ടിലാണ് താമസം. വർക്കലയിലെ ഒരു സ്വകാര്യ ബസ് ജീവനക്കാരനാണ് റസാഖ്.
ഫോട്ടോ : അറസ്റ്റിലായ റസാഖ്