neyyatinkara-incident

നെയ്യാറ്റിൻകരയിൽ കുടി ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം ദമ്പതികളുടെ ദാരുണ മരണത്തിൽ കലാശിച്ചതിന്റെ ഉത്തരവാദികൾ ആരെന്ന അന്വേഷണത്തിലാണ് സമൂഹവും അധികാര വർഗവും. മൂന്നു സെന്റിലെ ഒറ്റമുറി വീട്ടിൽ നിന്ന് രാജൻ എന്ന നാല്പത്തഞ്ചുകാരനെയും ഭാര്യ അമ്പിളിയെയും രഞ്ജിത്ത്, രാഹുൽ എന്നീ മക്കളെയും ഒഴിപ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും മുൻസിഫ് കോടതി ജീവനക്കാരിയും അല്പം സൗമനസ്യവും അവധാനതയും കാണിച്ചിരുന്നുവെങ്കിൽ തീർത്തും ഒഴിവാക്കാൻ കഴിയുമായിരുന്നു. സമൂഹ മനസ്സാക്ഷിയെ പിടിച്ചുലച്ച ഈ ദുരന്തം. ബലം പ്രയോഗിച്ചു കുടിയിറക്കിയാൽ കയറിക്കിടക്കാൻ വേറെ സ്ഥലമില്ലാത്ത തങ്ങൾ ആത്മാഹുതി നടത്തുമെന്നു രാജൻ ഭീഷണി മുഴക്കി. ഇതുപോലുള്ള സന്ദർഭങ്ങളിൽ നിൽക്കക്കള്ളിയില്ലാതെ പലരും പയറ്റാറുള്ള അടവു തന്നെയാണത്. ഭാര്യയെ ചേർത്തുപിടിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്ററും കത്തിച്ചു നിന്ന രാജനെ വിവേകപൂർവം ആ സാഹസത്തിൽ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു പൊലീസുകാർ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം കത്തിച്ചുപിടിച്ച ലൈറ്റർ എറിഞ്ഞിട്ട് അപകടം ഒഴിവാക്കാൻ ശ്രമിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. എ.എസ്.ഐ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് സാമാന്യബോധം കമ്മിയായിരുന്നുവെന്നതു പോകട്ടെ. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ പുറത്തെടുക്കേണ്ട ചുമതലാബോധം പോലും കാട്ടിയില്ലെന്നതിലാണ് പൊലീസ് സേന ഒന്നടങ്കം സമൂഹത്തിന്റെ രോഷാഗ്നിക്കു മുമ്പിൽ വെന്തുരുകി നിൽക്കേണ്ടിവരുന്നത്. നീതി നിഷേധിക്കപ്പെട്ട് മരണ മുനമ്പിൽ നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ ആത്മഹത്യാ ഭീഷണിയുമായി മുന്നോട്ടു വരുന്നവരെ ഏതു വിധേനയും രക്ഷിക്കാൻ സകല ഉപായങ്ങളും അധികൃതർ സ്വീകരിക്കാറുണ്ട്. തൊണ്ണൂറ്റി ഒൻപതു ശതമാനം കേസുകളിലും അത്തരം ശ്രമങ്ങൾ ഫലവത്താകാറുമുണ്ട്. നെയ്യാറ്റിൻകരയിലും കുടി ഒഴിപ്പിക്കാനെത്തിയവർ മനസ്സാന്നിദ്ധ്യം വെടിയാതെ വിവേകത്തോടെ പ്രശ്നം കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെടുമായിരുന്നില്ല. ക്രമസമാധാന പ്രശ്നങ്ങളില്ലെങ്കിൽ സിവിൽ കേസുകളിൽ പൊലീസിനെ വിട്ട് കുടി ഒഴിപ്പിക്കാൻ പാടില്ലെന്ന കോടതി ഉത്തരവുകൾ ഉള്ളതാണ്. പൊലീസും ഇത്തരം കേസുകളിൽ അധികാരം പ്രയോഗിക്കുന്നതിനെതിരെ വകുപ്പുതല വിലക്കുള്ളതാണ്. എന്നിട്ടും മുൻസിഫ് കോടതി വിധി നടപ്പാക്കാൻ പൊലീസ് എന്തിനു പോയി എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. നിയമത്തിന്റെയും നീതിയുടെയും അദൃശ്യ ചരടുകൾ കണ്ടു മനസിലാക്കാൻ ത്രാണിയില്ലാത്തവരാണല്ലോ സാധാരണക്കാർ. കാക്കിയുടെ ബലത്തിനു മുന്നിൽ നിസ്സഹായരായി നിൽക്കാനേ അവർക്കാവൂ. മുൻസിഫ് കോടതി ഉത്തരവിനെതിരെ രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവ ദിവസം തന്നെ അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷയും ഉണ്ടായിരുന്നു. കുടി ഒഴിപ്പിക്കലിനെത്തിയ സംഘത്തോട് ആ വിവരം പറയുകയും ചെയ്തു. ഒരു ദിവസത്തെ സാവകാശത്തിന് കേണപേക്ഷിച്ചതുമാണ്. എന്നാൽ ഉച്ചയൂണ് പോലും മുടക്കി കൈയോടെ ഇറക്കിവിടാനാണ് പൊലീസ് ശ്രമിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പൊലീസിനും അധികാരമില്ലാതിരിക്കെ തികച്ചും പക്ഷപാതപരമായി ഒഴിപ്പിക്കൽ ദൗത്യം ഏറ്റെടുത്ത പൊലീസുകാരുടെ നടപടിയെ ആർക്കും തന്നെ ന്യായീകരിക്കാനാവില്ല. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കുമെന്നാണ് പൊലീസ് മേധാവിയും മന്ത്രിമാരുമൊക്കെ ഇപ്പോൾ പറയുന്നത്. മുൻസിഫ് കോടതി വിധി നടത്തിപ്പിന് പൊലീസ് പോകരുതെന്നു വ്യക്തമായ ശാസന ഉള്ളപ്പോൾ നെയ്യാറ്റിൻകര സംഭവത്തിൽ പൊലീസിന്റെ വീഴ്ച മനസിലാക്കാൻ ചുഴിഞ്ഞ് ആലോചിക്കേണ്ട കാര്യമില്ല.

മാതാപിതാക്കൾ ഓർക്കാപ്പുറത്ത് നഷ്ടമായതോടെ തീർത്തും അനാഥരായ കുട്ടികളുടെ രക്ഷാകർത്തൃത്വം സർക്കാർ ഏറ്റെടുത്തത് പൊലീസ് വീഴ്ചയ്ക്കുള്ള പ്രായശ്ചിത്തമായി കരുതാം. ഉടമസ്ഥാവകാശത്തർക്കത്തിലായ ഭൂമിയിലുള്ള കുടിലിനു പകരം വേറെ ഭൂമി കണ്ടെത്തി സർക്കാർ ചെലവിൽ വീടുവച്ചു നൽകുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. കുട്ടികളുടെ ഭാവി ശ്രേയസ്‌കരമാക്കാൻ ഉതകുന്ന മനുഷ്യത്വപരമായ സഹായങ്ങളാണിതൊക്കെ. എന്നാൽ മാതാപിതാക്കളുടെ നഷ്ടത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ലെന്ന യാഥാർത്ഥ്യം ശേഷിക്കുകയാണ്. സ്വന്തം കൺമുന്നിൽ വച്ച് മാതാപിതാക്കളെ അഗ്നി വിഴുങ്ങുന്ന ഭയാനക ദൃശ്യങ്ങൾ എന്നും അവരുടെ മനസ്സുകളെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.

പൗരന്റെ ജീവനും സ്വത്തിനും പരിരക്ഷ നൽകേണ്ടത് സർക്കാരിന്റെ പ്രഥമ ചുമതലകളിലൊന്നാണ്. അധികാരികളുടെ ദുഷ്‌ചെയ്തികൾ മൂലം ഒരു ജീവനും നഷ്ടപ്പെട്ടുകൂടാത്തതാണ്. നിർഭാഗ്യവശാൽ ഓരോ വർഷവും അനവധി പേർ അധികാര വർഗത്തിന്റെ കരുണയില്ലാത്ത നടപടികൾ മൂലം സ്വയം ജീവനൊടുക്കിവരാറുണ്ട്. അത്യന്തം ദുഃഖകരമായ ഇത്തരം അനുഭവങ്ങൾക്ക് സാക്ഷിയാകേണ്ടിവരുന്ന സമൂഹം ചിലപ്പോഴെങ്കിലും അതിനെതിരെ രോഷാകുലരായി പ്രതിഷേധിച്ചെന്നിരിക്കും. നെയ്യാറ്റിൻകരയിൽ ചൊവ്വാഴ്ച രാത്രി വരെയും നീണ്ടുപോയ പ്രതിഷേധ പ്രകടനങ്ങൾ അതിലൊന്നാണ്. ഈ പ്രതിഷേധ ജ്വാലയാണ് ആശ്വാസ നടപടികൾ സത്വരമായി സ്വീകരിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. കുടിയൊഴിപ്പിക്കലിന് എത്തിയ പൊലീസ് കാണിച്ച നിഷ്ഠൂരതയെക്കാൾ ഒട്ടും കുറവായിരുന്നില്ല രാജന്റെയും അമ്പിളിയുടെയും സംസ്കാരച്ചടങ്ങിനിടെ പൊലീസ് സംഘത്തിൽ നിന്നുണ്ടായ കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റം. കൊടും കുറ്റവാളികളോടു പോലും കാണിക്കരുതാത്ത സമീപനമാണ് കേവലം പതിനേഴുകാരനായ രാജന്റെ പുത്രനു നേരെ പൊലീസ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. അവരുടെ ആക്രോശങ്ങളും ഭർത്സനവുമൊക്കെ സമൂഹമാദ്ധ്യമങ്ങൾ വഴി സമൂഹം കേട്ടതാണ്. പൊലീസിനെ നല്ല പെരുമാറ്റ രീതി പഠിപ്പിക്കാൻ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നതാണ് നെയ്യാറ്റിൻകര സംഭവം. അധികാര ദുർവിനിയോഗത്തിന്റെ കറുത്ത ഏടുകളിലൊന്നായി ഇത് ഏറെക്കാലം നിലനിൽക്കും.