
Good economics is bad politics എന്നൊരു പ്രയോഗമുണ്ട് .അതുപോലെ Good politics is bad economics എന്നും പറയാറുണ്ട്. എന്നാൽ കേരളത്തിന്റെ വളർച്ചയ്ക്ക് വേണ്ടത് നല്ല രാഷ്ട്രീയവും നല്ല സാമ്പത്തിക വ്യവസ്ഥയുമാണ് (Good politics and good economics). സംസ്ഥാനം മുൻപില്ലാത്തവിധം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ അവസ്ഥയിൽ നിന്നും കരകയറണമെങ്കിൽ സാമ്പത്തിക വളർച്ചയുണ്ടാകണം. അതിന് വേണ്ടത് തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ്. അത് കടം പെരുകുന്നതുകൊണ്ടു മാത്രമല്ല, മറ്റുരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇവിടെ തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കേണ്ടതുണ്ട്. കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ അത്തരം ഒരു വികസന കാഴ്ചപ്പാടാണ് നമുക്ക് ആവശ്യം.
തൊഴിൽ ചെയ്യാൻ സാധിക്കാത്തവരെയും തൊഴിലവസരങ്ങൾ ഇല്ലാത്തവരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അവരെ സംരക്ഷിക്കാൻ പണം വേണമെങ്കിൽ സാമ്പത്തിക വളർച്ച സൃഷ്ടിച്ച് അതിൽനിന്നും ലഭിക്കുന്ന പണം കരുതിവയ്ക്കണം. അതുകൊണ്ടാണ് നല്ല രാഷ്ട്രീയവും നല്ല സാമ്പത്തിക വ്യവസ്ഥയും ഉണ്ടാകണമെന്ന് പറയുന്നത്.
എല്ലാ കാര്യങ്ങളിലും പുതിയ കാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. എല്ലാ കാര്യങ്ങളും സർക്കാരിന് ചെയ്യാൻ കഴിയില്ല. എല്ലാം സർക്കാർ തന്നെ ചെയ്യണമെന്ന് കരുതുകയും അരുത്. പൊതുജനാരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയവയിൽ സർക്കാർ ഫോക്കസ് ചെയ്യുകയും മറ്റുകാര്യങ്ങൾ സ്വകാര്യ മേഖലയ്‌ക്ക് തുറന്നുകൊടുക്കുകയും വേണം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം . അത് പൂർണമായും സ്വകാര്യ മേഖലയ്‌ക്ക് വിട്ടുകൊടുത്താൽ യാതൊരു നഷ്ടവും സർക്കാരിന് ഉണ്ടാകുന്നില്ല. വിമാനത്താവളത്തിന്റെ വികസനത്തിലൂടെ എത്തുന്ന യാത്രക്കാരിൽ നിന്നും സർക്കാരിന് വരുമാനം ലഭിക്കുകയും ചെയ്യും.പത്തുശതമാനം യാത്രക്കാർ വരുമ്പോൾ ജി.ഡി.പിയിൽ 0.5 ശതമാനം വളർച്ച ഉണ്ടാകുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.
സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ജീവിത നിലവാരത്തിൽ പുരോഗതി കൈവരാത്ത രണ്ടു വിഭാഗമാണ് മത്സ്യത്തൊഴിലാളികളും ആദിവാസി വിഭാഗങ്ങളും. ഇവർക്കായി മാറിവന്ന സർക്കാരുകളെല്ലാം ഒരുപാട് ഫണ്ട് ചെലവഴിച്ചിട്ടും അവരുടെ ജീവിതസാഹചര്യം മാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ മക്കൾ ഇപ്പോഴും അവരുടെ അച്ഛൻ ഉപയോഗിച്ചിരുന്ന ചെറുവള്ളങ്ങളും കട്ടമരങ്ങളും ഉപയോഗിക്കുന്നതാണ് പൊതുവെ കാണുന്നത്. ഇവരുടെ ജീവിതസാഹചര്യം
വർദ്ധിച്ചാൽ ആധുനിക രീതിയിലുള്ള മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും. ഈ രണ്ടു വിഭാഗങ്ങളുടെയും വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.ഗ്രാമ മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്കായി തൊഴിലുറപ്പ് പദ്ധതി ഉള്ളത് ഏറെ ആശ്വാസകരമാണ്.എന്നാൽ നഗര മേഖലയിലെ പാവപ്പെട്ടവർക്കായി ഇത്തരമൊരു സംവിധാനം ഇതുവരെയും ഉണ്ടായിട്ടില്ല. ഇത്തരം ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് കൂടി ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കണം.