
പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടാണ് 2020നെ വിട്ട് സിനിമാലോകം കടന്നുപോകുന്നത്. കൊവിഡ് മലയാളസിനിമയിലും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. വലിയ ഹിറ്റായേക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ ചെറിയ മുടക്കുമുതലിൽ നിർമിച്ച പല സിനിമകളും മികവ് പുലർത്തിയതും ശ്രദ്ധേയമായി. കൊവിഡിനെ തുടർന്ന് മാർച്ച് പകുതിയോടെ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ പല ചിത്രങ്ങളുടെയും റിലീസ് 2021ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ 'കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം' റിലീസിനുള്ള എല്ലാ തയ്യാറെടുപ്പുകൾക്കും ശേഷമാണ് മാറ്റിവച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത പല മികച്ച ചിത്രങ്ങളും തിയേറ്ററുകൾ പൂട്ടിയതോടെ സാമ്പത്തികമായി വിജയിക്കാനും സാധിച്ചില്ല. തിയേറ്റർ, ഒ.ടി.ടി പ്ളാറ്റ്ഫോമിലൂടെ 45 ചിത്രങ്ങൾ മാത്രമാണ് 2020ൽ മലയാളത്തിൽ റിലീസ് ചെയ്തത്. നാൽപ്പത്തിയഞ്ച് ചിത്രങ്ങളിൽ പലതും ബോക്‌സോഫീസിൽ പരാജയമായപ്പോൾ അഞ്ചാംപാതിരയും അയ്യപ്പനും കോശിയും കപ്പേളയുമടക്കം ഒരുപിടി മികച്ച ചിത്രങ്ങൾ ഗംഭീര വിജയം നേടി. അത്തരത്തിൽ 2020ൽ പുറത്തിറങ്ങിയ മികച്ച മലയാള ചിത്രങ്ങളിലൂടെ
1. അയ്യപ്പനും കോശിയും
ആക്ഷൻ രംഗങ്ങളും നാടൻ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സമീപകാലത്ത് ഇറങ്ങിയ എറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പ്രേക്ഷകർ വിലയിരുത്തിയ ചിത്രം ബിജുമേനോന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ മികച്ച പ്രകടനം കൂടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. അനാർക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഹവിൽദാർ കോശിയും കോശിയുടെ ശത്രുവായ അയ്യപ്പൻ നായരുടെയും പ്രതികാര കഥയായിരുന്നു പറഞ്ഞത്.
2. അഞ്ചാം പാതിരാ

2020ലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നുതന്നെയാണ്. സ്ഥിരം ശൈലികളിൽ നിന്നുമാറി കുഞ്ചാക്കോ ബോബൻ അൻവർ എന്ന കഥാപാത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവാണ് നടത്തിയത്.
3. കപ്പേള

ദേശീയപുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു കപ്പേള. നാട്ടിൻപുറത്തെ ഒരു പ്രണയകഥയിൽ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രം ഈ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു സുധി കോപ്പ, നിഷ സാരംഗ്, തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റോഷൻ മാത്യുവിന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
4. ട്രാൻസ്

2020ലെ മറ്റൊരു മികച്ച ചിത്രമാണ് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ്. ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, നസ്രിയ, സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ജിനു എബ്രഹാം തുടങ്ങി വൻതാര ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഫഹദ് ഫാസിൽ എന്ന നടന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
5. വരനെ ആവശ്യമുണ്ട്

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ഒരു ഫീൽഗുഡ് ചിത്രമായിരുന്നു 'വരനെ ആവശ്യമുണ്ട്'. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ
ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും മികച്ച പ്രകടനം കാഴ്ചവച്ചു. കല്യാണി ആദ്യമായി നായികയായി എത്തിയ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
6. സൂഫിയും സുജാതയും

നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ മലയാള ചിത്രമാണ് സുഫിയും സുജാതയും. ജയസൂര്യ, അതിഥി റാവു ഹൈദരി, ദേവ് മോഹൻ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബുവാണ് നിർമിച്ചത്. എം. ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച നിർവഹിച്ചിട്ടുള്ളത്. പ്രണയസാന്ദ്രമായ ഈ സിനിമയുടെ സംഗീത സംവിധാനം (ഒ.ടി.ടി) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈചിത്രത്തിനുണ്ട്.
7. സീ യൂ സൂൺ
ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സി യൂ സൂൺ സെപ്തംബർ 1നായിരുന്നു ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സമീപകാലത്ത് കണ്ട അതിഗംഭീര പ്രകടനമാണ് ദർശന രാജേന്ദ്രൻ ചിത്രത്തിൽ കാഴ്ചവെച്ചത്.
-------------------------------------------------------------------------------------------------------
ശ്രദ്ധിക്കാത്ത ചിത്രങ്ങൾ
2020 ആദ്യം വൻ മുതൽമുടക്കിൽ പുറത്തിറങ്ങിയ സൂപ്പർസ്റ്റാറുകളുടെ രണ്ട് ചിത്രങ്ങൾക്കും എന്തുകൊണ്ടോ പ്രതീക്ഷിച്ച പ്രേക്ഷകശ്രദ്ധ ലഭിക്കാതെ പോയി. മമ്മൂട്ടി നായകനായ ഷൈലോക്ക്, മോഹൻലാൽ നായകനായെത്തിയ ബിഗ് ബ്രദർ എന്നിവയായിരുന്നു അവ. സംവിധായകൻ സിദ്ധിക്കും മോഹൻലാലും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. വൻ ഹൈപ്പിലെത്തി ബോക്‌സോഫീസിൽ പരാജയപ്പെട്ട 2020ലെ മറ്ര് ചിത്രങ്ങളാണ് ധമാക്ക, അൽമല്ലു, ദി കുങ്ഫു മാസ്റ്റർ, അന്വേഷണം
മികച്ച ഗാനങ്ങൾ
മുൻ വർഷങ്ങളെ അപേക്ഷിച്ച് മലയാള സിനിമയിൽ ഹിറ്റായ ഗാനനങ്ങൾ കുറവായിരുന്നു. എങ്കിലും താരതമ്യേന മികച്ച ഗാനങ്ങൾ 2020ലും പുറത്തിറങ്ങി. അവയിൽ സൂഫിയും സുജാതയും, അയ്യപ്പനും കോശിയും മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് വലിയ ജനപ്രീതി ലഭിച്ചു.
ഗാനം - സിനിമ
വാതുക്കലു വെള്ളരി പ്രാവ് (സൂഫിയും സുജാതയും)
കലക്കാത്ത സന്ദനമേറി (അയ്യപ്പനും കോശിയും)
അൽഹം ദുൽ ഇല്ലള്ളാഹ് (സൂഫിയും സുജാതയും)
മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ (മണിയറയിലെ അശോകൻ)
കാമിനി (അനുഗ്രഹീതൻ ആന്റണി)
കണ്ണിൽ വിടരും (കപ്പേള)
പാരാകെ (കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്)
കാതോർത്തു കാതോർത്ത് ( കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ്)
ഓള് (മണിയറയിലെ അശോകൻ)
കിം കിം (ജാക്ക് ആൻഡ് ജിൽ)