
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകൾ നൽകി പുതുവർഷമെത്താൻ ഒരു പകലും രാവും മാത്രമാണ് ഇനി അവശേഷിക്കുന്നത്. കൊവിഡ് സർവമേഖലയിലും വരുത്തിയ നിരാശകളുടെ നാളുകളെ അതിജീവിക്കാൻ പുതിയ വർഷത്തിനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മുൻവർഷങ്ങളിൽ പുതുവർഷത്തെ കളറാക്കാൻ നഗരത്തിലുടനീളം പുലർച്ചെവരെ നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിൽ ഇത്തവണ ചുരുക്കം ന്യൂഇയർ പരിപാടികൾ മാത്രമാണുണ്ടാവുക.നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ മാത്രമാണ് ഇത്തവണ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതിനാലാണ് ആൾക്കൂട്ടം ഒഴിവാക്കാനുള്ള തീരുമാനത്തിൽ ഹോട്ടലുടമകൾ എത്തിയത്.ആഘോഷങ്ങളും ആരവങ്ങളും വീട്ടിൽ തന്നെയാക്കണമെന്ന് ചുരുക്കം.
ബീച്ചുകളിൽ ഇത്തവണ ആഘോഷപ്പൂരമില്ല
പുതുവത്സരാഘോഷങ്ങളുടെ മുഖ്യവേദിയാണ് ബീച്ചുകൾ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോവളത്തും ശംഖുംമുഖത്തും വിപുലമായ പരിപാടികൾ കഴിഞ്ഞവർഷം വരെ നടന്നിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇത്തവണ ബീച്ചുകളിൽ പരിപാടികളൊന്നും വേണ്ടെന്നാണ് ടൂറിസം അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ബീച്ചുകളിൽ ആളുകൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്നും എന്നാൽ മറ്റ് പരിപാടികൾ നടത്തില്ലെന്നും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ അറിയിച്ചു. എല്ലാ വർഷവും പുതുവത്സരാഘോഷത്തിന്റെ ഭാഗമാകുന്ന ബീച്ചുകളിൽ ഇത്തവണ പരിപാടികളൊന്നുമില്ലാത്തത് പ്രദേശവാസികൾക്കടക്കം നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
ചുരുക്കം ഹോട്ടലുകളിൽ മാത്രം പരിപാടികൾ
കൊവിഡ് വ്യാപനം പേടിച്ച് പുതുവർഷാഘോഷങ്ങൾ വേണ്ടെന്ന നിലപാടിലാണ് നഗരത്തിലെ ഹോട്ടലുകളിൽ പകുതിയും. എന്നാൽ ലൈവ് മ്യൂസിക് പ്രോഗ്രാമുകൾ ഒരുക്കി കുടുംബങ്ങളെ പ്രതീക്ഷിച്ച് നഗരത്തിലെ ചില ഹോട്ടലുകൾ ന്യൂഇയർ പാർട്ടി ഒരുക്കിയിട്ടുണ്ട്. ചില ഹോട്ടലുകൾ ന്യൂഇയർ ആഘോഷം നടത്തണോ എന്നതിനെക്കുറിച്ച് ഇനിയും തീരുമാനിച്ചിട്ടില്ല. ഡി.ജെ.പാർട്ടി സംഘടിപ്പിക്കാൻ അനുവാദമില്ലാത്തതും പുതുവത്സര പരിപാടികൾ സംഘടിപ്പിക്കുന്നതിന് തടസമായി.
നഗരത്തിലെ പ്രധാന ഹോട്ടലുകളായ മസ്‌കറ്റ് , സൗത്ത് പാർക്ക്,എസ്.പി ഗ്രാൻഡ് ഡേയ്സ് എന്നിവിടങ്ങളിൽ പുതുവർഷ പരിപാടികൾ നടത്തുന്നില്ല. എന്നാൽ പരിമിതമായ ആൾക്കാരെ മാത്രം ഉൾപ്പെടുത്തി ഹൈസിന്ത്, ഓ ബൈ താമര, വിവിൻ, ഉദയ് സ്യൂട്ട്സ് തുടങ്ങിയ ഹോട്ടലുകളിൽ ആഘോഷപരിപാടികൾ നടക്കും. എവിടെയും ബുക്കിംഗ് പൂർത്തിയായിട്ടില്ല. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ എൻട്രി ഫീസാണ് ഹോട്ടലുകൾ ഈടാക്കുന്നത്. ഒരാൾക്ക് 1000 രൂപ മുതൽ 2000 രൂപവരെയാണ് ഹോട്ടലുകൾ വാങ്ങിക്കുന്നത്. ഒരു ദിവസം മുഴുവൻ, 31ന് വൈകിട്ട് ഏഴ് മുതൽ 12 വരെ എന്നിങ്ങനെ വിവിധ പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്.
ഹൈസിന്ത് ഹോട്ടലിൽ ഒരാളിന് 2000 രൂപയാണ് ഈടാക്കുന്നത്. ഒ ബൈ താമരയിൽ മൂന്നു പേരടങ്ങുന്ന കുടുംബത്തിന് 5,500 രൂപയാണ് ഈടാക്കുന്നത്. പേട്ട വിവിൻ സ്യൂട്ട്സിൽ ഒരാളിന് 1500 രൂപയും ഫാമിലിക്ക് 5500 രൂപയുമാണ്. ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ ഒരാളിന് 1200 രൂപയാണ് ഈടാക്കുന്നത്.
ഓഫറുകളുടെ ന്യൂഇയർ
ക്രിസ്മസ്-ന്യൂഇയർ പ്രമാണിച്ച് വിപണിയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഓഫറുകളുടെ പെരുമഴ പെയ്ത് തോർന്നിട്ടില്ല. വസ്ത്രശാലകളും ജുവലറികളും നിരവധി ഓഫറുകൾ നൽകിയിട്ടുണ്ട്.ദേവാലയങ്ങളിലും പുതുവർഷത്തെ വരവേൽക്കാൻ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചിട്ടുണ്ട്.