tp

വളരെ സന്തോഷത്തോടെയാണ് ലോകം മുഴുവൻ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നത്. എന്നാൽ 2020 ലെ അനുഭവങ്ങൾ 2021ൽ എത്രമാത്രം തുടരുമെന്ന ആശങ്കയുമുണ്ട്. മഹാമാരിയും സാമ്പത്തിക തകർച്ചയും അവസാനിക്കുമെന്നും ജനങ്ങൾ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും മടങ്ങിപ്പോകുമെന്നാണ് പ്രത്യാശ.ലോകത്തും ഇന്ത്യയിലും ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ കേരളത്തെ വളരെയധികം ബാധിച്ചു. രോഗനിവാരണത്തിൽ കേരളത്തിനുണ്ടായ വിജയം അഴിമതിക്കഥകളിലും കുറ്റകൃത്യങ്ങളിലും മുങ്ങിപ്പോവുകയായിരുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിൻെയും പേരിലുള്ള സ്പർദ്ധകളും നിലയ്ക്കാത്ത ആരോപണങ്ങളും കേരളത്തെ കലുഷമാക്കി. അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകുമെന്നും വരുന്ന സർക്കാർ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും നമുക്ക് ആശിക്കാം.ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകേണ്ട പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്ന കേന്ദ്രനയത്തോട് സഹകരിച്ചാൽ കേരളത്തിന് ഗുണമുണ്ടാകുമെന്ന് സംശയമില്ല. പക്ഷേ, അതിനുവേണ്ടത് പുതിയ മനസ്ഥിതിയും ചിന്താഗതിയുമാണ്. തികച്ചും സ്വതന്ത്രമായൊരു വിദ്യാഭ്യാസ പദ്ധതി മാത്രമേ കേരളത്തിന് സഹായകമാവുകയുള്ളൂ. അതിനുള്ള കഴിവും പ്രയത്നവും ഉണ്ടെങ്കിൽ മാത്രമേ പുതിയ തലമുറയ്ക്ക് യോജിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം പ്രദാനംചെയ്യാൻ നമുക്ക് കഴിയൂ.പാർട്ടി, ജാതിമത പരിഗണനകൾക്കതീതമായ വികസനമാണ് കേരളത്തിനാവശ്യം. 2021 ൽ അത് സാദ്ധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.