sfi-

അഭിമാനകരമായ അമ്പത് വർഷം എസ്.എഫ്.ഐ പൂർത്തീകരിക്കുകയാണ്. 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിലാണ് സംഘടന രൂപീകൃതമായത്. 1970 ഒക്ടോബറിൽ ധംധമിൽ അതിന്റെ ആലോചനായോഗം ചേരുകയുണ്ടായി. പതിനാല് സംസ്ഥാനങ്ങളിൽ നിന്നായി, വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ അന്നതിൽ ഭാഗഭാക്കായി. അവിടെ വച്ചാണ് തിരുവനന്തപുരത്ത് അഖിലേന്ത്യാസമ്മേളനത്തിന് തീരുമാനമെടുക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് മുന്നിൽ നിന്നിരുന്നവരിൽ ബഹുഭൂരിഭാഗവും വിദ്യാർത്ഥിനേതാക്കളായിരുന്നുവെന്ന് ചരിത്രത്തിലറിയാനാകും.ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച 75 ശതമാനത്തിലധികം പേരും 30 വയസിൽ താഴെയുള്ളവരായിരുന്നു. 1936 ആഗസ്റ്റ് 12ന് രാജ്യത്ത് രൂപീകൃതമായ പുരോഗമന വിദ്യാർത്ഥിപ്രസ്ഥാനമായ എ.ഐ.എസ്.എഫിന്റെയും ഭഗത് സിംഗിനെ പോലുള്ള ഉജ്വല പോരാളികളുടെയും ആവേശോജ്വലമായ സ്മരണയാണ് എസ്.എഫ്.ഐയുടെ പൈതൃകം.

1968ൽ ഫ്രാൻസിൽ നടന്ന, തൊഴിലാളികളടക്കം ഉൾച്ചേർന്ന വലിയ വിദ്യാർത്ഥിപ്രക്ഷോഭത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പിന്നീട് എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കയിൽ വിദ്യാർത്ഥി പ്രക്ഷോഭമരങ്ങേറിയത്. വിയറ്റ്നാം യുദ്ധത്തിനെതിരായിട്ടായിരുന്നു അത്. ആ പ്രക്ഷോഭത്തിൽ ക്ലന്റ് സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥികളാണ് വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ അഞ്ഞൂറിലധികം വരുന്ന സർവ്വകലാശാലകൾ ഉപരോധിച്ചുകൊണ്ട് വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടു. ഇത്തരം പ്രക്ഷോഭങ്ങളിൽ നിന്നെല്ലാം കൈവന്ന ആവേശം എസ്.എഫ്.ഐ രൂപീകരണത്തിന് വലിയ പ്രചോദനമായിട്ടുണ്ട്.

അമ്പത് വർഷം മുമ്പ് സംഘടന രൂപീകരിക്കുന്ന ആദ്യഘട്ടത്തിൽ ഒന്നര ലക്ഷത്തിൽ താഴെയായിരുന്നു അംഗങ്ങൾ. ഇന്ന് എസ്.എഫ്.ഐ 41 ലക്ഷം അംഗങ്ങളുള്ള സംഘടനയായി വളർന്നിരിക്കുന്നു. രൂപീകരണകാലം തൊട്ടിന്നോളം വരെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി പ്രസ്ഥാനത്തിനായി 277 വിദ്യാർത്ഥികളാണ് വിവിധ പോരാട്ടങ്ങളിൽ രക്തസാക്ഷിത്വം വരിച്ചത്.

1983ൽ ആസാമിലെ ഉൾഫ തീവ്രവാദികൾക്കെതിരായ പോരാട്ടവേളയിൽ എസ്.എഫ്.ഐയുടെ അവിടത്തെയൊരു താലൂക്ക് കമ്മിറ്റി ഭാരവാഹിയായിരുന്ന നിരഞ്ജൻ തലൂക്ദാറിനെ കാണാതാവുകയുണ്ടായി. ഒരു മാസത്തിലേറെ പിന്നിട്ടപ്പോഴാണ് ഒരു പൊട്ടക്കിണറ്റിൽ നിന്ന് 32 കഷണങ്ങളായി വെട്ടിനുറുക്കപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്. 'ഞങ്ങളുടെ ശരീരത്തെ വെട്ടിനുറുക്കിക്കോളൂ, രാജ്യത്തെ വെട്ടിമുറിക്കാൻ ഞങ്ങളനുവദിക്കില്ല...' എന്ന് എസ്.എഫ്.ഐ അന്ന് ആവേശത്തോടെ മുദ്രാവാക്യം മുഴക്കി.

വിഘടനവാദികൾക്കും വലതുപക്ഷ വർഗീയ പിന്തിരിപ്പൻ ശക്തികൾക്കും മാഫിയകൾക്കും പൊലീസിനുമെതിരെയെല്ലാം എസ്.എഫ്.ഐയുടെ ഉശിരൻമാർക്ക് ജീവൻ ബലി നൽകേണ്ടി വന്നിട്ടുണ്ട്. അതെല്ലാം സംഘടന ഉയർത്തിപ്പിടിച്ച ഉയർന്ന രാഷ്ട്രീയലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു.

തുടക്കകാലത്ത് ഏതാനും കാമ്പസുകളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന പ്രസ്ഥാനം ഇന്ന് രാജ്യത്തിന്റെ മിക്കഭാഗങ്ങളിലെയും കേന്ദ്രസർവ്വകലാശാലകളിലടക്കം സജീവസാന്നിദ്ധ്യമായുണ്ട്. മുഖ്യധാരാ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമില്ലാത്ത ഗുജറാത്തിലും ഹരിയാനയിലും രാജസ്ഥാനിലും ഹിമാചൽപ്രദേശിലുമടക്കം എസ്.എഫ്.ഐക്ക് ചെന്നെത്താനും സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുകളിലടക്കം വിജയിക്കാനും നിരന്തരം വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനുമായി.

വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല, കോൺഗ്രസും ബി.ജെ.പിയും കഴിഞ്ഞാൽ പിന്നെയേറ്റവുമധികം പരിചയമുള്ള പ്രസ്ഥാനം ഹിമാചലിലെ ഷിംലയിൽ എസ്.എഫ്.ഐയാണ്. ഷിംലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രീതിയിൽ പഞ്ചായത്തിരാജ് നിയമപ്രകാരം മാറ്റം വരുത്തിയ സമീപകാലത്തിന് തൊട്ടുമുമ്പുവരെ അവിടത്തെ കോർപ്പറേഷനിൽ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം പ്രതിനിധികളായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ചേർന്ന് അതിലെ അംഗങ്ങൾ ചേർന്ന് മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കുന്നതായിരുന്നില്ല രീതി. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വോട്ടർമാരുമാണ് വോട്ട് ചെയ്ത് നേരിട്ട് മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുത്തിരുന്നത്. കൗൺസിലിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സി.പി.എമ്മിന് മേയറെ കിട്ടി.

രാജ്യത്ത് പലേടങ്ങളിലും വിദ്യാർത്ഥിസംഘടന എന്നതിനപ്പുറത്തേക്ക് ജനങ്ങൾ എസ്.എഫ്.ഐയെ അംഗീകരിക്കുന്നുവെന്നതിന് ചെറിയ ഉദാഹരണമാണ് ഷിംലയിലേത്. കൊവിഡ് കാലത്ത് പശ്ചിമബംഗാളിലടക്കം ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് സാധാരണക്കാരിലേക്കെത്തിക്കാൻ എസ്.എഫ്.ഐ മുന്നിട്ടിറങ്ങി. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിലും എസ്.എഫ്.ഐ മുൻനിരയിലുണ്ടായിരുന്നു.

സുപ്രധാനമായ കാര്യം, ഹരിയാനയിലെ റോഹ് തകിൽ എസ്.എഫ്.ഐ നടത്തുന്ന ഇടപെടലാണ്. അവിടെ സാമ്പത്തികപരാധീനതകളടക്കമുള്ള കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാനാവാതെ പോകുന്ന കുട്ടികൾക്കായി എസ്.എഫ്.ഐ നേരിട്ട് സ്കൂളുകൾ നടത്തിവരികയാണ്.

പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ദേശീയ വിദ്യാഭ്യാസനയം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്നത് ഈ കൊവിഡ് കാലത്താണ്. അതിലെ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെയും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തെരുവുകളിലും എസ്.എഫ്.ഐ സമരങ്ങൾ തീർത്തു. ദേശീയവിദ്യാഭ്യാസ നയത്തിന്റെ പ്രതിലോമ കാഴ്ചപ്പാടും അതുയർത്തുന്ന അപകടവും പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനും സമൂഹത്തിനിടയിൽ സജീവ ചർച്ചയാക്കാനും ഈ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്.

ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എൻറോൾമെന്റ് നിരക്ക് രാജ്യത്ത് ഇന്ന് വെറും 25.6 ശതമാനമാണ്. ഇവരിൽ തന്നെ വലിയ വിഭാഗം അത് പാതിവഴിക്ക് ഉപേക്ഷിച്ച് പോകുന്നു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും എന്ന എസ്.എഫ്.ഐ തുടക്കം തൊട്ട് ഉയർത്തുന്ന മുദ്രാവാക്യത്തിന് പ്രസക്തിയേറി വരുന്ന കാലഘട്ടമാണ് അതിനാൽ ഈ അമ്പതാം വാർഷികവേള. രാജ്യത്തെയാകെ ഇളക്കിമറിച്ച് മുന്നേറുന്ന കർഷകരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ്.എഫ്.ഐ സമരമുഖത്തുണ്ട്. ഇത്തരത്തിൽ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളെല്ലാം ഏറ്റെടുത്ത് എസ്.എഫ്.ഐ ഇനിയും സമരരംഗത്ത് സജീവമായുണ്ടാകും.