pre

കിളിമാനൂർ: ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാരുടെയും ഉപാദ്ധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് നടന്നു.

നഗരൂർ പഞ്ചായത്തിൽ സി.പി.എമ്മിലെ ദർശനാവട്ടത്ത് നിന്ന് വിജയിച്ച ഡി. സ്മിതയെ അദ്ധ്യക്ഷയായും, സ്വതന്ത്ര സ്ഥാനാർത്ഥിയായി പാവൂർകോണത്ത് വിജയിച്ച അബിരാജിനെ ഉപാദ്ധ്യക്ഷനായും തിരഞ്ഞെടുത്തു. ഇരുവർക്കും 8 വോട്ടുകൾ വീതം ലഭിച്ചു. ഇവർക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 7 വോട്ടാണ് ലഭിച്ചത്. രണ്ടംഗമുള്ള ബി.ജെ.പിയും, ഒരംഗമുള്ള എസ്.ഡി.പി.ഐയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. പഞ്ചായത്തിലെ കക്ഷി നില സി.പി.എം 7, കോൺഗ്രസ് 6, എൻ.ഡി.എ 2, എസ്.ഡി.പി.ഐ 1, സ്വതന്ത്രൻ 1.

മടവൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ എം. ബിജു കുമാറിനെ(ടൗൺ വാർഡ്) അദ്ധ്യക്ഷനായും ഉപാദ്ധ്യക്ഷയായി സി.പി.ഐയിലെ റസിയ നാസറുദീനെയും (പടിഞ്ഞാറ്റേല) തിരഞ്ഞെടുത്തു. ഇരുവർക്കും 7 വോട്ടുകൾ വീതം ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് നിർദേശിച്ചത് വെൽഫയർ പാർട്ടി അംഗത്തെയായിരുന്നു. വെൽഫയർ അംഗത്തിന്റെ വോട്ട് അസാധുവാകുകയും കോൺഗ്രസിന് 4 വോട്ടും ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. പഞ്ചായത്തിലെ കക്ഷി നില എൽ.ഡി.എഫ് 7, യു.ഡി.എഫ്. 4, ബി.ജെ.പി 3, വെൽഫയർ പാർട്ടി 1.

പുളിമാത്ത് പഞ്ചായത്തിൽ യു.ഡി.എഫിൽ നിന്നു ജി. ശാന്തകുമാരിയെ (എറിത്തിനാട്) അദ്ധ്യക്ഷയായും, യു.ഡി.എഫിൽ നിന്ന് തന്നെ അഹമ്മദ് കബീറിനെ(കാട്ടുംപുറം) ഉപാദ്ധ്യക്ഷനായും തിരഞ്ഞെടുത്തു. രണ്ട് പേർക്കും പത്ത് വോട്ട് വീതം ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. പഞ്ചായത്തിലെ കക്ഷി നില യു.ഡി.എഫ് 10, എൽ.ഡി.എഫ് 7, ബി.ജെ.പി 2.

പഴയകുന്നുമ്മൽ പഞ്ചായത്തിൽ സി.പി.എമ്മിലെ കെ. രാജേന്ദ്രനെ(അടയമൺ) അദ്ധ്യക്ഷനായും, കെ. ഷീബയെ(സി.പി.എം - മഹാദേവേശ്വരം) ഉപാദ്ധ്യക്ഷയായും തിരഞ്ഞെടുത്തു. ഇരുപേർക്കും 13 വോട്ടുകൾ വീതം ലഭിച്ചു. കോൺഗ്രസ് പ്രതിനിധിക്ക് 4 വോട്ട് ലഭിച്ചു. പഞ്ചായത്തിലെ കക്ഷി നില. എൽ.ഡി.എഫ് 13, യു.ഡി.എഫ് 4.

കിളിമാനൂർ പഞ്ചായത്തിൽ യു.ഡി.എഫിലെ ടി.ആർ. മനോജിനെ(വരിഞ്ഞോട്ടുകോണം) അദ്ധ്യക്ഷനായും, യു.ഡി.എഫിലെ തന്നെ കെ. ഗിരിജ കുമാരിയെ(മലയ്ക്കൽ) ഉപാദ്ധ്യക്ഷയായും തിരഞ്ഞെടുത്തു. ഇരുവർക്കും 10 വോട്ടുകൾ വീതം ലഭിച്ചു. എൽ.ഡി.എഫ് പ്രതിനിധിക്ക് 4 വോട്ട് ലഭിച്ചു. കക്ഷി നില യു.ഡി.എഫ് 10, എൽ.ഡി.എഫ് 4, ബി.ജെ.പി 1.