nelson-joseph-fb

തിരുവനന്തപുരം: പുറത്തിറങ്ങാതെയും സിനിമ കാണാതെയും യാത്ര ചെയ്യാതെയും ജീവിക്കാമെന്ന് മലയാളികളെ പഠിപ്പിച്ച വർഷമായിരുന്നു 2020. എല്ലാവരും കൊവിഡ് വർഷമെന്നും നശിച്ച വർഷമെന്നുമൊക്കെ പഴിക്കുന്ന 2020 ന് ഇനി മണിക്കൂറുകളുടെ ആയുസേയുള്ളൂ. ഒരു കൊവിഡ് വന്നതിന് 2020 എന്ത് പിഴച്ചു എന്ന് ചോദിച്ചാൽ ഒരുപക്ഷേ നമ്മുടെ ഉത്തരം മുട്ടിപ്പോകും. ഒരുപാട് പാഠങ്ങൾ നമ്മെ പഠിപ്പിച്ച വർഷംകൂടിയാണ് 2020. ജ്ഞാനപീഠപുരസ്കാരം അക്കിത്തത്തിലൂടെ ഒരിക്കൽക്കൂടി മലയാളത്തിലെത്തിയതും 22വർഷം പഴക്കമുള്ള അഭയകേസിൽ കോടതിവിധിയുണ്ടായതും 2020ലാണ്. പ്രതീക്ഷകളോടെ 2021 നെ വരവേൽക്കുന്നതിനിടെയും പോയവർഷത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.

മുണ്ടു മുറുക്കി

സംസ്ഥാനസർക്കാർ കൊവിഡ് മൂലം സാമ്പത്തികമായി ഞെരുങ്ങിയ വർഷമായിരുന്നു 2020. റവന്യൂ വരുമാനം നാലിലൊന്നായി ചുരുങ്ങി. വായ്പാപരിധി കേന്ദ്രസർക്കാർ ഉയർത്തിയതുകൊണ്ടും കിഫ്ബി വഴി വികസനപ്രവർത്തനങ്ങൾ നടത്തിയുമൊക്കെയാണ് സർക്കാർ പിടിച്ചുനിന്നത്. ജീവനക്കാരുടെ ഒന്നരമാസത്തെ ശമ്പളം പിടിച്ചത് വിവാദമായി.എങ്കിലും 52ലക്ഷം ജനങ്ങൾക്ക് മുടങ്ങാതെ എല്ലാമാസവും സാമൂഹ്യസുരക്ഷാപെൻഷനും 500രൂപയുടെ ഭക്ഷ്യക്കിറ്റും നൽകി. വികസനചെലവുകളും ആഢംബരങ്ങളും വെട്ടിച്ചുരുക്കി.

നിയന്ത്രണങ്ങളോടെ ആഘോഷം

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരളം ഒാണവും വിഷുവും ഇൗസ്റ്ററും ബക്രീദും റംസാനും ക്രിസ്മസുമെല്ലാം ആഘോഷിച്ചു. ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്കുകളിലും ജനങ്ങൾക്ക് പോകാനായില്ല. വിവാഹം,മരണം എന്നിവ ഏതാനും പേരെമാത്രം പങ്കെടുപ്പിച്ച് നടത്തി. ഉത്സവങ്ങളും പെരുന്നാളുകളും ഒഴിവാക്കപ്പെട്ടു. കൊവിഡ് ഭീതി തുടങ്ങുന്നതിന് മുമ്പ് നടന്ന ആറ്റുകാൽ പൊങ്കാലമാത്രമാണ് 2020ൽ നടന്ന വലിയ ഉത്സവമാമാങ്കം. ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്കും കുറഞ്ഞു. സിനിമാതിയേറ്ററുകൾ അടച്ചിട്ടു.

ഓൺലൈൻ വിദ്യാഭ്യാസം

വിദ്യാഭ്യാസമേഖലയിൽ സ്കൂളുകളും കോളേജുകളും അങ്കണവാടികളും അടച്ചിട്ടു. ക്ളാസ് റൂമുകൾ ഒാൺലൈനായി മാറി. ചെറിയ ക്ളാസുകളിലെ പരീക്ഷകൾ ഒഴിവാക്കപ്പെട്ടു. പുതിയ അദ്ധ്യയനവർഷത്തിൽ സഹപാഠികൾക്ക് പരസ്പരം കാണാനാകാത്ത വർഷമായിരുന്നു ഇത്. മൊബൈൽ ഫോണുകളിലും ലാപ്ടോപ്പിലും ഡെസ്ക്ടോപ്പിലുമൊക്കെയായി ക്ളാസുകൾ മാറി. പരീക്ഷകളും ഒാൺലൈനായി നടത്തി. ടി.വികളും പഠനമാദ്ധ്യമമായി. ഇതൊന്നുമില്ലാത്തവർക്ക് നാട്ടുകാരുടെ കൂട്ടായ്മയിൽ കമ്പ്യൂട്ടറുകളും ടി.വികളും വിതരണം ചെയ്യാൻ ശ്രമിച്ച നൻമയും കേരളം കണ്ടു.

തീരാനൊമ്പരം

ആഗസ്റ്റ് 7ന് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം സംസ്ഥാനത്തുണ്ടായ വൻദുരന്തമായിരുന്നു. കരിപ്പൂരിൽ ഇറങ്ങാൻ ശ്രമിക്കവേ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് മൂന്ന് കഷ്ണങ്ങളായി അടർന്ന് മാറുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 19 പേർ മരണത്തിന് കീഴങ്ങി. പ്രദേശവാസികളുടെ ഇടപെടലോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് കൊറോണ വൈറസ് വ്യാപനത്തിനിടയിലും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. ഇടുക്കിയിൽ പെട്ടിമുടി ദുരന്തമുണ്ടായതും ഇതേ വർഷം തന്നെയാണ് ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ആഗസ്റ്റ് ആറിന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 66 പേർ മരിച്ചു. കണ്ണീരുണങ്ങാത്ത ഈ ദുരന്തഭൂമിയിൽ നിന്ന് ഇനിയും നാല് പേരെക്കൂടി കണ്ടെത്താനുണ്ട്. കേരളത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടലായിരുന്നു ഇത്.