des30a

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റായി എ. ചന്ദ്രബാബുവും വൈസ് പ്രസിഡന്റായി ശ്രീജ. വി.എസും സത്യപ്രതി‌ജ്ഞ ചെയ്‌ത് അധികാരമേറ്രു. 20 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്ക് 7ഉം, എൽ.ഡി.എഫിന് 6ഉം, യു.ഡി.എഫിന് 5ഉം സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രരായി വിജയിച്ച രണ്ടുപേരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച യു.ഡി.എഫിലെ ബാദുഷ, എൽ.ഡി.എഫിലെ ബിജു. ടി എന്നീ മെമ്പർമാരെ പ്രത്യേക അനുവാദം തേടി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് ഓഫീസിലെ ഒരു മുറിയിൽ ഇരുത്തിയാണ് തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിച്ചു. ആദ്യ റൗണ്ടിൽ എൽ.ഡി.എഫിന് 8 വോട്ടും ബി.ജെ.പിക്ക് 7 വോട്ടും യു.ഡി.എഫിന് 5 വോട്ടും ലഭിച്ചു. കുറവ് വോട്ടുലഭിച്ച യു.ഡി.എഫിലെ സുജേതകുമാറിനെ ഒഴിവാക്കി വരണാധികാരി വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ചന്ദ്രബാബുവിന് 8 വോട്ടും പൂവണത്തിൽമൂട് മണികണ്ഠന് 7 വോട്ടും ലഭിച്ചു. തുടർന്ന് ചന്ദ്രബാബുവിനെ വിജയിച്ചതായി പ്രഖ്യാപിച്ചു. ഉച്ചയ്‌ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോരാണി വാർഡിൽ നിന്നും സ്വതന്ത്രയായി വിജയിച്ച ശ്രീജ വി.എസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബി.ജെ.പിയിൽ നിന്നുള്ള ഷൈനി, യു.ഡി.എഫിൽ നിന്നുള്ള ശശികല എന്നിവരായിരുന്നു മറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.