
തിരുവനന്തപുരം: കർഷക പ്രക്ഷോഭം ഒത്തുതീർക്കാൻ കേന്ദ്രസർക്കാർ ഇടപെടുക, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.
രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനത്തിൽ നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കളും സംസാരിക്കും. ഭേദഗതിനിർദ്ദേശങ്ങളുണ്ടെങ്കിൽ അവകൂടി പരിശോധിക്കും. ഒരു മണിക്കൂറാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.
ഇന്ന് ഇത് മാത്രമേ അജൻഡയിലുള്ളൂ. മറ്റ് നടപടിക്രമങ്ങളെല്ലാം ജനുവരി എട്ടിനാരംഭിക്കുന്ന സഭാസമ്മേളനത്തിലാണ് ഉൾപ്പെടുത്തുക. അംഗങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും രാവിലെ 7 മുതൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ടാകും.