
തിരുവനന്തപുരം: വിവിധ വിഷയങ്ങൾക്കായി പ്രത്യേക സമ്മേളനം വിളിക്കുന്നതിൽ പതിന്നാലാം കേരള നിയമസഭ റെക്കാഡിട്ടു. കർഷകപ്രശ്നം ചർച്ചചെയ്യുന്ന ഇന്നത്തെ സമ്മേളനം ഈ സഭയുടെ ഏഴാമത്തെ പ്രത്യേക സമ്മേളനമാകും. ഇതിൽ അഞ്ചും കേന്ദ്രസർക്കാർ തീരുമാനങ്ങൾക്കെതിരായ പ്രമേയങ്ങൾ പാസാക്കാനായിരുന്നു.
500, 1000 രൂപാ നോട്ടുകൾ കേന്ദ്രം അസാധുവാക്കിയപ്പോഴായിരുന്നു ആദ്യത്തെ പ്രത്യേക സമ്മേളനം - 2016 നവംബർ 22ന്. നോട്ട് നിരോധനംമൂലം സഹകരണ ബാങ്കുകളും ജനങ്ങളും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ആ സമ്മേളനം പ്രമേയം പാസാക്കി.
സംസ്ഥാനങ്ങളുടെ അധികാരം കവർന്ന്, കന്നുകാലി കശാപ്പ് വിലക്കിയ കേന്ദ്ര വിജ്ഞാപനം മൂലം സംസ്ഥാനത്ത് ഉണ്ടാകാവുന്ന ഗുരുതര സാഹചര്യം ചർച്ചചെയ്യാൻ 2017 ജൂൺ എട്ടിന് പ്രത്യേക സമ്മേളനം ചേർന്നു.
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കെ.എൻ.എ. ഖാദറിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ഇതേവർഷം നവംബർ ഒമ്പതിന് പ്രത്യേക സമ്മേളനം ചേർന്നു.
2018ലെ കാലവർഷക്കെടുതിയും പുനർനിർമ്മാണവും ചർച്ചചെയ്യാൻ ആ വർഷം ആഗസ്റ്റ് 30ന് പ്രത്യേക സമ്മേളനം നടന്നു.
കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ പ്രത്യേക സമ്മേളനം ചേർന്നത് 2019 ഡിസംബർ 31നാണ്. പട്ടികജാതി- പട്ടികവർഗ സംവരണം 10 വർഷത്തേക്ക് നീട്ടാനും നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ സംവരണം തുടരാനുമുള്ള പ്രമേയങ്ങൾ പാസാക്കാനാണ് അന്ന് ഗവർണറുടെ അനുമതി തേടിയത്. അക്കൂട്ടത്തിൽ പൗരത്വ ഭേദഗതിക്കെതിരായ പ്രമേയവും പാസാക്കുകയായിരുന്നു. അതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായി.
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ, കഴിഞ്ഞ ആഗസ്റ്റ് 24ന് ധനബിൽ പാസാക്കാനും ആറ് മാസ കാലാവധിക്ക് മുമ്പ് ചേരണമെന്ന നിബന്ധന പാലിക്കാനുമായി ചേർന്ന പ്രത്യേക സമ്മേളനത്തിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി. വിമാനത്താവള നടത്തിപ്പ് സർക്കാരിന് നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് വിവാദത്തിന്റെ തുടർച്ചയായി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ച ചെയ്തതും ഈ സമ്മേളനത്തിലാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് ചട്ടം 65 പ്രകാരം പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും ചട്ടപ്രകാരമല്ലെന്ന് കാട്ടി അനുവദിച്ചില്ല. അവിശ്വാസപ്രമേയം പത്തര മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വോട്ടിനിട്ട് തള്ളി.