
തിരുവനന്തപുരം: പത്ത്, പ്ളസ് ടു ക്ളാസുകൾ നാളെ തുടങ്ങാനിരിക്കെ, പല സ്കൂളുകളിലും ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. തയ്യാറെടുപ്പുകൾ നടത്തി വിദ്യാർത്ഥികളെ എതിരേൽക്കാൻ കാത്തിരിക്കുന്ന സ്കൂളുകളുമുണ്ട്. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ശുചീകരണം. മിക്ക സർക്കാർ സ്കൂളുകളും അണുവിമുക്തമാക്കിയിട്ടില്ല. സ്കൂൾ വളപ്പിൽ ശുചീകരണവും നടന്നില്ല.
മെയിന്റനൻസ് ജോലികൾ ചെയ്യാത്ത സ്കൂളുകളുമുണ്ട്. ചില സ്കൂളുകൾ എൻ.എസ്.എസ് വോളന്റിയർമാരെക്കൊണ്ട് വൃത്തിയാക്കാൻ ശ്രമിച്ചത് വിമർശനത്തിനിടയാക്കി. പാതി വൃത്തിയാക്കി സ്കൂളുകളുമുണ്ട്. ഇവിടേക്ക് കുട്ടികൾ നാളെ കടന്ന് ചെല്ലേണ്ടത് അദ്ധ്യാപകരിലും രക്ഷാകർത്താക്കളിലും ആശങ്കയുണർത്തുന്നു. കൊവിഡ് സെൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പല സ്കൂളുകളിലും അത് സഫലമായില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങളും ഉൾപ്പെടുന്നതാണ് സെൽ. പഞ്ചായത്ത് ഭരണസമിതികൾ ഇന്നലെ അധികാരമേറ്റതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അതിനുള്ള തയ്യാറെടുപ്പുകൾ നടക്കും. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ അണുവിമുക്തമാക്കിയിട്ടുണ്ട്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ളാസുകളിൽ ക്രമീകരണങ്ങളും നടത്തി.
50 ശതമാനം കുട്ടികളെ വച്ച് രാവിലെയും ഉച്ചയ്ക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ളാസുകൾ. അതിന്റെ ക്രമീകരണം ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നൽകിയിരിക്കുകയാണ്. വ്യക്തമായ ഉത്തരവ് കിട്ടാത്തതിനാൽ ഏതൊക്കെ അദ്ധ്യാപകർ ഏതൊക്കെ ഷിഫ്റ്റിൽ വരണമെന്ന് നിർദ്ദേശം നൽകാത്ത സ്കൂളുകളുമുണ്ട്.