
വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിൽ നിന്നും ഭരണം തിരിച്ച് പിടിച്ച് എൽ.ഡി.എഫ്. എൽ.ഡി.എഫിലെ ഷീജ സുനിൽ ലാലിനെ പ്രസിഡന്റായും നാസിമുദ്ദീനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആകെയുള്ള 14 സീറ്റുകളിൽ എൽ.ഡി.എഫിന് 10 സീറ്റും യു.ഡി.എഫിന് 4 സീറ്റുമാണുള്ളത്. ബുധനാഴ്ച രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മുഖ്യ വരണാധികാരി ബീന ബോണി ഫെയ്സിന്റ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫിലെ ഷീജ സുനിൽ ലാലും, യു.ഡി.എഫിലെ ലൈല രഘുനാഥും തമ്മിലായിരുന്നു മത്സരം. വിജയകുമാർ, ഷീജ സുനിൽ ലാലിന്റ പേര് നിർദ്ദേശിക്കുകയും നാസിമുദ്ദീൻ പിന്താങ്ങുകയും ചെയ്തു. ലൈല രഘുനാഥിന്റ പേര് സോമരാജൻ നിർദ്ദേശിക്കുകയും നസീല പിന്താങ്ങുകയും ചെയ്തു. ഷീജ സുനിൽ ലാലിന് 10 വോട്ടും, ലൈല രഘുനാഥിന് 4 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എൽ.ഡി.എഫിലെ നാസിമുദ്ദീന് 10ഉം, യു.ഡി.എഫിലെ സോമ രാജന് 4 വോട്ടും ലഭിച്ചു. നിലവിലെ കക്ഷി നില. സി.പി.എം 9, സി.പി.ഐ 1, യുഡിഎഫ് 4. തിരഞ്ഞെടുക്കപ്പെട്ട ഷീജ സുനിൽ ലാലും, നാസിമുദ്ദീനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.