sivagiri
sivagiri

വർക്കല: പ്രാർത്ഥനാമന്ത്റങ്ങളോടെ 88-ാമത് മഹാതീർത്ഥാടനത്തിന് ശിവഗിരിയിൽ തുടക്കമായി. ഇന്നലെ രാവിലെ ശാരദാമഠത്തിലെയും മഹാസമാധിയിലെയും വിശേഷാൽ പൂജകൾക്കു ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തി. തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ നിന്നാണ് ധർമ്മപതാക കൊണ്ടുവന്നത്. കൊടിക്കയർ ചേർത്തല കളവംകോടം ശക്തീശ്വരക്ഷേത്രസന്നിധിയിൽ നിന്നും എത്തിച്ചു.

ശിവഗിരിമഠം തന്ത്റി ശ്രീനാരായണപ്രസാദ് പതാകപൂജ നടത്തി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി അസംഗചൈതന്യ, സ്വാമി ഗുരുപ്രകാശം, സ്വാമി ഗോവിന്ദാനന്ദ, ശിവഗിരിമഠത്തിലെ ബ്രഹ്മചാരിമാർ, വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവരും ഭക്തജനങ്ങളും സംബന്ധിച്ചു. കൊവിഡ് നിയന്ത്റണങ്ങളുള്ളതിനാൽ മുൻകൂട്ടി അനുമതിവാങ്ങിയ ആയിരം പേർക്കു മാത്രമാണ് ഇത്തവണ പ്രവേശനം.

പതാക ഉയർത്തലിനുശേഷം വെർച്വൽ തീർത്ഥാടനത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം നടന്നു. ഉച്ചയ്ക്കുശേഷം കുട്ടികളുടെ സമ്മേളനവും ഉണ്ടായിരുന്നു. ചടങ്ങുകൾ യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്തു.

ഇന്ന് രാവിലെ 8ന് മഹാസമാധിയിൽ വിശ്വമംഗള പ്രാർത്ഥന നടക്കും. മഹാസമാധി മന്ദിരത്തിനു മുന്നിൽ ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും അന്തേവാസികളും ഒത്തുചേർന്നാണ് ലോകമംഗളത്തിനായി ദൈവദശകം പ്രാർത്ഥന നടത്തുന്നത്. ലോകംമുഴുവൻ സുഖംപകരാനായി നടത്തുന്ന പ്രാർത്ഥനയും ശിവഗിരി ടിവിയിൽ തത്സമയം കാണാം. ഗുരുഭക്തർ ഈ സമയം എവിടെയാണോ ഉള്ളത് അവിടെ നിന്നുകൊണ്ട് ദൈവദശകം ഏറ്റുചൊല്ലണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പ്രാർത്ഥനയ്ക്കു ശേഷം സ്വാമി വിശുദ്ധാനന്ദ തീർത്ഥാടന സന്ദേശം നൽകും.

രാവിലെ 9ന് വിദ്യാഭ്യാസ സമ്മേളനത്തിൽ 'പ്രാഥമിക വിദ്യാഭ്യാസവും വ്യക്തിത്വവും" എന്നതാണ് വിഷയം. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം ഡയറക്ടർ ഡോ.അച്യുത്ശങ്കർ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം.എസ്, മീഡിയാ ഡിസൈൻ അക്കാഡമിയുടെ ഉപദേശകസമിതിഅംഗം ആർട്ടിസ്റ്റ് ജിനൻ, സുബ്രഹ്മണ്യ ഇടുപടതായ (കന്നഡ), എം.ജി.സർവകലാശാല വൈസ് ചാൻസലർ ഷീന ഷുക്കൂർ, കൊല്ലം സബ് കളക്ടർ ശിഖാ സുരേന്ദ്രൻ, മുംബയ് സർവകലാശാലയിലെ പ്രൊഫ. നാരായൺശങ്കർ ഗഡാഡെ (ഹിന്ദി, മറാത്തി) എന്നിവർ സംസാരിക്കും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാഗതം പറയും.

2.30ന് മാദ്ധ്യമ സമ്മേളനത്തിൽ സന്തോഷ് ജോർജ് കുളങ്ങര (സഫാരി ടിവി),ശ്രീജ (മാതൃഭൂമി ന്യൂസ്),ജോൺബ്രിട്ടാസ് (കൈരളി ടിവി), ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ജോസി ജോസഫ്, എൻ.പി.ഉല്ലേഖ്, ശങ്കർ ഹിമഗിരി (കേരളകൗമുദി) എന്നിവർ സംസാരിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതം പറയും.