
കോവളം: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗംഗാധരേശ്വര രൂപം കാണാനും തീരസൗന്ദര്യം ആസ്വദിക്കാനും അവസരമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് ആഴിമല കടൽത്തീരം. കോൺക്രീറ്റ് കെട്ടിടങ്ങളോ മാലിന്യങ്ങളോ നിറയാത്ത സ്വാഭാവിക ബീച്ചാണ് ഇവിടെയുള്ളത്. തെക്കൻ കേരളത്തിന് അഭിമാനമായി 58 അടി ഉയരത്തിലുള്ള ഗംഗാധരേശ്വരന്റെ രൂപം വിനോദസഞ്ചാരികളുടെയും തീർത്ഥാടകരെയും ഒരുപോലെ ആകർഷിക്കും. കഴിഞ്ഞ 28 വർഷമായി ആഴിമല ശിവക്ഷേത്രത്തിലെ ശാന്തിയായ ജ്യോതിഷാണ് ഗംഗാധരേശ്വര രൂപവും ധ്യാന മണ്ഡപവുമെന്ന ആശയം മുന്നോട്ടുവച്ചത്. ക്ഷേത്ര, ദേവസ്വം ട്രസ്റ്റ് അംഗങ്ങൾ പ്രദേശവാസിയും ശില്പകലയിൽ ബിരുദവും നേടിയ ദേവദത്തനെ നിർമ്മാണ ചുമതല ഏല്പിക്കുകയായിരുന്നു. മാറാരോഗങ്ങൾക്ക് സിദ്ധൗഷധമായ കിണ്ണിക്കുഴിയിലെ ജലമുള്ള അപൂർവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. കടലോരത്ത് സൂര്യോദയവും അസ്‌തമയവും ദർശിക്കാൻ കഴിയുന്ന പാറക്കൂട്ടങ്ങൾക്കു സമീപമാണ് ക്ഷേത്രം. മകരമാസത്തിലെ ഉതൃട്ടാതി ആറാട്ടായി പത്തു ദിവസത്തെ ഉത്സവവും ഇവിടെ നടത്താറുണ്ട്. ആഴിമല കടൽതീരത്തിന് ടൂറിസം വകുപ്പ് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടലിൽ കുളിക്കുന്നവർക്ക് ആവശ്യമായ സുരക്ഷ, തീരത്ത് വഴിവിളക്കുകൾ, യാത്രാസൗകര്യം എന്നിവ ഒരുക്കിയാൽ ഇവിടം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്നും അവർ പറയുന്നു. പാണ്ഡവർ വനവാസകാലത്തു ഇവിടെ താമസിച്ചിരുന്നുവെന്ന ഐതിഹ്യങ്ങളിൽ ഉൾപ്പെട്ട കിണ്ണിക്കുഴി (പാണ്ഡവ തീർത്ഥം) എന്ന നീരുറവയും ഒരു ഗുഹയും ഇവിടെയുണ്ട്. ഗംഗാധരേശ്വരന്റെ രൂപം തീർത്ഥാടകർക്കായി ട്രസ്റ്റ് ഭാരവാഹികൾ തുറന്നുകൊടുത്തതോടെ ആഴിമലയിലെ തിരക്കും വർദ്ധിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നു മുതൽ സുരക്ഷയൊരുക്കാനും പദ്ധതിയുണ്ട്. പുതുവർഷാഘോഷത്തിന്റെ ഭാഗമായി അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ധാരാളം തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ.