
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കളെ അതത് ബൂത്തിന്റെ പ്രവർത്തന ഏകോപനം ഏൽപ്പിക്കാൻ കെ.പി.സി.സി നേതൃത്വം. എത്ര തിരക്കാണെങ്കിലും മുതിർന്ന നേതാക്കൾ ഇതിൽ നിന്നൊഴിയരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് നിർദ്ദേശിക്കും. യു.ഡി.എഫ് സംവിധാനത്തിലും കോൺഗ്രസ് ഇടപെടൽ ശക്തമാക്കും.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും മൂന്ന് സെക്രട്ടറിമാരും രണ്ട് ദിവസമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിൽ ജനുവരി പത്തിനകം ശുദ്ധികലശം തുടങ്ങും.
ജനുവരി ആദ്യത്തോടെ മൂന്ന് മേഖലകൾ തിരിച്ച് നിയോജക മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തനം, സ്വാധീനമേഖലയിലെ ദൗർബല്യം എന്നിവ സംബന്ധിച്ച വിശദ റിപ്പോർട്ട് കെ.പി.സി.സി സെക്രട്ടറിമാർ പ്രസിഡന്റിന് കൈമാറും. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന നിലയിൽ ബൂത്തുകളെ പുനഃസംഘടിപ്പിക്കാനാണ് നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഗ്രൂപ്പുകളുടെ അതിപ്രസരവും കാരണമായെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുണ്ട്. ഇത് എത്രയുംവേഗം പരിഹരിച്ചില്ലെങ്കിൽ മുന്നോട്ടുപോക്ക് ദുഷ്കരമാകുമെന്ന് കേരളഘടകത്തിന് മുന്നറിയിപ്പും നൽകി. ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നവർക്ക് ഗ്രൂപ്പിന് അതീതമായി അംഗീകാരവും പദവിയും നൽകണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റിന് മാത്രമാണെന്ന പ്രചാരണത്തിലും 'ഫ്ലക്സ് രാഷ്ട്രീയ'ക്കളിയിലും ഹൈക്കമാൻഡിന് അമർഷമുണ്ട്. കൂട്ടായ ഉത്തരവാദിത്വമാണെന്നും നേതാക്കളുടെ പൂർണ പിന്തുണ മുല്ലപ്പള്ളിക്ക് ഉണ്ടാകണമെന്നുമാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.
മുല്ലപ്പള്ളി അദ്ധ്യക്ഷനായ ശേഷം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും യു.ഡി.എഫ് നേടിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കിലും കനത്ത തിരിച്ചടിയുണ്ടെന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. കഴിഞ്ഞ ദിവസം ശതമാനക്കണക്ക് വിവരിച്ച താരിഖ് അൻവർ നൽകിയ സൂചനയും അതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചർച്ചയ്ക്ക് തയ്യാറായതിനും മുല്ലപ്പള്ളിയോട് ഹൈക്കമാൻഡ് മതിപ്പ് അറിയിച്ചിട്ടുണ്ട്.
മുഴുവൻ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുമായും എം.പിമാരുമായും എം.എൽ.എമാരുമായുമെല്ലാം തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെ.പി.സി.സി നേതൃത്വം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയതും. നിയോജകമണ്ഡലങ്ങളുടെ ചുമതല നൽകിയ കെ.പി.സി.സി സെക്രട്ടറിമാരോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളുടെ യോഗം വിളിച്ച് പ്രവർത്തനം വിലയിരുത്തും.
അതിനിടെ, യു.ഡി.എഫ് കൺവീനർ എം.എം. ഹസനെതിരെ പാർട്ടിയിൽ ഒരു വിഭാഗം കലാപമുയർത്തിയത് പുതിയ അസ്വസ്ഥതകൾക്ക് വിത്തുപാകി.