തിരുവനന്തപുരം: കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്‌പോർട്സ് ഡിവിഷൻ കൂടി. കണ്ണൂർ സ്‌പോർട്സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്സ് ഡിവിഷൻ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ആദ്യ ഘട്ടമായി ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് സ്‌പോർട്സ് ഡിവിഷനുകൾ തുടങ്ങും.
നിലവിൽ കണ്ണൂർ സ്‌പോർട്സ് ഡിവിഷനും, തിരുവനന്തപുരം ജിവി രാജാ സ്‌പോർട്സ് സ്‌കൂളുമാണ് കായിക വിദ്യാഭ്യാസ മേഖലയിൽ ഉള്ളത്. തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ സ്‌പോർട്സ് ഡിവിഷൻ ആരംഭിക്കാൻ തീരമാനിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പദ്ധതി വൈകുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് കുന്നുംകുളത്ത് സ്‌പോർട്സ് ഡിവിഷൻ ആരംഭിക്കുന്നത്.
കാസർകോട് ചായോത്ത് ഗവൺമെന്റ് എച്ച്.എസ്.എസിലും ഉടൻ സ്‌പോർട്സ് ഡിവിഷൻ തുടങ്ങും. കുന്നംകുളത്ത് അഞ്ച് കോടി രൂപയുടെ നിർമ്മാണങ്ങൾ സർക്കാർ ഇതിനോടകം നടത്തിയിട്ടുണ്ട്. സ്‌കൂളിനോട് അനുബന്ധിച്ച ഇൻഡോർ സ്‌റ്റേഡിയം ഈ സെപ്തംബറിലാണ് ഉദ്ഘാടനം ചെയ്തത്. ഗാലറിയോടു കൂടിയ പുൽമൈതാനം, 400മീറ്റർ ട്രാക്ക്, ഡ്രെയിനേജ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ബാഡമിന്റൺ, ഫുട്‌ബോൾ മത്സരങ്ങൾക്കായി രണ്ട് ചെറുമൈതാനങ്ങളുമുണ്ട്. ബാസ്‌കറ്റ് ബാൾ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇൻഡോർ സ്റ്റേഡിയം പ്രയോജനപ്പെടുത്താനാകും.
സ്‌കൂൾ കോമ്പൗണ്ടിൽ ഒഴിഞ്ഞുകിടക്കുന്ന അഞ്ച് ഏക്കറോളം ഭൂമി അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാനാകും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ഏഴ് കോടി രൂപ ചെലവിൽ സിന്തറ്റിക് ട്രാക്കും തയ്യാറാക്കും. മെസ്, താമസ സൗകര്യം അടക്കമുള്ളവ കായിക എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തും. പരിശീലകർ, വാർഡൻ, സുരക്ഷാ ജീവനക്കാർ എന്നിവരെ നിയമിക്കാനും കായിക ഉപകരങ്ങളും സ്‌പോർട്സ് കിറ്റും തയ്യാറാക്കാനും നടപടി സ്വീകരിക്കും.