
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടേയും അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ജനുവരി 7,8,11,12 തീയതികളിലായി നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്ക്കരൻ നിർദ്ദേശിച്ചു. വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി.
ധനം,വികസനം,ക്ഷേമം,ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്,കലാകായികം, നഗരാസൂത്രണം.നികുതി അപ്പീൽ,തുടങ്ങിയവയിലാണ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ. ഗ്രാമ,ബ്ളോക്ക് പഞ്ചായത്തുകളിൽ നാലും ജില്ലാപഞ്ചായത്തിൽ അഞ്ചും മുനിസിപ്പാലിറ്റിയിൽ ആറും കോർപറേഷനുകളിൽ എട്ടും സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണം. ഗ്രാമ,ബ്ളോക്ക് പഞ്ചായത്തുകളിൽ വരാണാധികാരികളെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ സർക്കുലറിറക്കിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത്,മുനസിപ്പാലിറ്റി,കോർപറേഷൻ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടറായിരിക്കും വരണാധികാരി.ഒഴിവിനനുസരിച്ചാണ് അപേക്ഷകളെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ട. അല്ലെങ്കിൽ ദിവസം നിശ്ചയിച്ച് തിരഞ്ഞെടുപ്പ് നടത്തണം. സ്ത്രീസംവരണ കമ്മിറ്റികളിലാണ് തിരഞ്ഞെടുപ്പ് ആദ്യം നടത്തേണ്ടത്. മത്സരിക്കാൻ സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. ആരും പിന്താങ്ങേണ്ടതില്ല. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.