
തിരുവനന്തപുരം: പൊലീസിന്റെ എതിർപ്പ് വകവയ്ക്കാതെ അച്ഛനെ സംസ്കരിക്കാൻ കുഴിയെടുത്ത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച 17കാരൻ രഞ്ജിത്ത് ഇതിനുമുമ്പും അതേമണ്ണിൽ പ്രായം മറന്ന് ആഞ്ഞു വെട്ടിയിട്ടുണ്ട്. കുടുംബത്തിന് കുടിനീരിനായി 45 അടി ആഴത്തിൽ കിണർ കുഴിക്കുകയായിരുന്നു നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷംവീട് കോളനിയിൽ കുടിയിറയ്ക്കൽ ഭീഷണിക്കിടെ ദാരുണാന്ത്യം വരിച്ച രാജൻ- അമ്പിളി ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത്.
ഒന്നര വർഷം മുമ്പ് കോളനിയിലെ ഭൂമിയിൽ കുടിൽ കെട്ടി താമസമാക്കിയ രാജനും കുടുംബത്തിനും വൈദ്യുതിയും കുടിവെള്ളവും ലഭിച്ചിരുന്നില്ല. ഇതിനായി അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് നാലുമാസം മുമ്പ് രഞ്ജിത്ത് കിണർ കുഴിക്കാനിറങ്ങിയത്. കൂട്ടിന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞമ്മയുടെ മകനും. പത്താം ദിവസം വെള്ളം കണ്ടു. തുടർന്ന് നാല് ഉറ ഇറക്കി കൈവരി കെട്ടി. കപ്പിയും കയറുമിട്ട് തൊട്ടികെട്ടി അതിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്.
അയൽ വാസിയായ വസന്ത നിരന്തരം പരാതികളുമായി രാജനെയും കുടുംബത്തേയും തുരത്താൻ ശ്രമം തുടരുന്നതിനിടയിലും ആർക്കും വഴങ്ങാത്ത ഒരച്ഛന്റെ തണലിൽ ആ കുടുംബം മുന്നോട്ട് പോയി. വൈദ്യുതിയും വെള്ളവും കിട്ടാതെ വരുമ്പോൾ രാജനും കുടുംബവും കുടിയിറങ്ങുമെന്ന് പ്രതീക്ഷിച്ച വസന്തയുടെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു രഞ്ജിത്തിന്റെ കിണർ വെട്ടൽ.
ഷീറ്റും കാർഡ്ബോഡും കൊണ്ട് കെട്ടിവളച്ച ഷെഡിനുള്ളിൽ കഴിഞ്ഞിരുന്ന രാജനും കുടുംബവും പ്രതിസന്ധികൾക്കിടയിലും മറ്റുള്ളവന്റെ കണ്ണീരൊപ്പാൻ ശ്രമിച്ചിരുന്നു. ആശാരിപ്പണിക്കാരനായ രാജൻ, ആരോരുമില്ലാതെ വഴിയരികിൽ കിടക്കുന്നവർക്ക് ജോലിക്ക് പോകുംവഴി ചായയും പ്രഭാത ഭക്ഷണവും നൽകിയിരുന്നു. ചായ വീട്ടിൽ നിന്ന് കൊണ്ടുപോകും. ഭക്ഷണം കടയിൽ നിന്നു വാങ്ങും. ചായയും ഭക്ഷണവും രാവിലെ കൊണ്ടുപോകാൻ പുതിയ കെറ്റിലും പാത്രങ്ങളും വാങ്ങിയത് വീട്ടിലിരിപ്പുണ്ട്.