rajani

ചെന്നൈ:സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമില്ലെന്ന് പറഞ്ഞൊഴിഞ്ഞ സൂപ്പർ സ്റ്റാർ രജനികാന്തിനു മേൽ ഇനി സമ്മർദ്ദം പിന്തുണ തേടിയാവും. വിശേഷിച്ച്, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ.

കമലഹാസൻ ഇന്നലെ രജനികാന്തുമായി ഫോണിൽ ആശയവിനിമയം നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി മത്സരിക്കുന്നുണ്ട്. രജനികാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സഖ്യമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാമെന്നാണ് കമൽ നേരത്തേ പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചതോടെയാണ് കമലിന്റെ അടുത്ത നീക്കം.

ചെന്നൈയിലെ പോയസ്ഗാർഡനിലെ വസതിയിൽ നിന്ന് രജനികാന്ത് ശ്രീപെരുമ്പത്തൂരിലെ ഫാംഹൗസിലേക്ക് താമസം മാറ്റി. ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചതു കൊണ്ടാണ് വീട് മാറ്റം. രജനി ആരോഗ്യനില വീണ്ടെടുക്കുമ്പോൾ പിന്തുണ തേടി ബി.ജെ.പി, അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെത്തും. ഡി.എം.കെ മൗനം പാലിക്കും. അതേസമയം 'അണ്ണാത്തെ' സിനിമയുടെ ശേഷിച്ച ഭാഗങ്ങളുടെ ചിത്രീകരണം രണ്ടാഴ്ചയ്ക്കു ശേഷം ഉണ്ടാകും. കൂടുതൽ നിയന്ത്രണങ്ങളോടെ, രജനിയുടെ ശേഷിക്കുന്ന സീനുകൾ ഷൂട്ട് ചെയ്യും.