mara

വെമ്പായം: വാക്ക് തർക്കത്തെ തുടർന്ന് മരുമകൻ പിടിച്ചു തള്ളി ഭാര്യാ മാതാ വ് മരിച്ച സംഭവത്തിൽ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലനാട് മരിയത്ത് മൈത്രി നഗറിൽ പുത്തൻ വീട്ടിൽ സുനിൽകുമാർ (38) നെയാണു വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. വെമ്പായം ചിറത്തലയ്ക്കൽ പേരിലക്കോട് നീതു ഭവനിൽ ഇന്ദിര (50)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഭാര്യ വീടായ നീതുവിൻ്റെ വീട്ടിൽ എത്തിയ സുനിൽ വീട്ടുകാരുമായി വഴക്ക് ഉണ്ടാവുകയായിരുന്നു. ഒരു വർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു സുനിൽ. നീതുവും രണ്ട് മക്കളും അമ്മ ഇന്ദിര യോടൊപ്പം ആയിരുന്നു താമസം. ഇടയ്ക്കിടയ്ക്ക് മക്കളെ കാണാൻ ഭാര്യവീട്ടിൽ എത്തിയിരുന്ന സുനിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച യ്‌ക്ക് മുൻപ് ഭാര്യാ വീട്ടിൽ എത്തിയ സുനിൽ മക്കളെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച വീട്ടിൽ എത്തിയ സുനിൽ മക്കളുടെ ആധാർ കാർഡ് ചോദിച്ചാണ് ബഹളം ഉണ്ടാക്കിയത്. തുടർന്ന് നീതുവിൻ്റെ സഹോദരൻ നിതീഷ് ബാബുവുമായി തർക്കം ഉണ്ടാവുകയും അസഭ്യം പറയുകയും ചെയ്തു. നിതീഷിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നീതുവിൻ്റെ അമ്മ ഇന്ദിരയെ പിടിച്ചു തള്ളിയത്. തർക്കത്തിനിടയിൽ പെട്ട ഇന്ദിരയെ സുനിൽ പിടിച്ചു തള്ളുകയായിരുന്നു. തലയടിച്ചു വീണ ഇന്ദിരയെ നാട്ടുകാരും മകൻ നിതീഷും ചേർന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരിച്ച ഇന്ദിരയുടെ ഭർത്താവ് കൂലിപ്പണിക്കാരനായ ബാബുവാണ് .