
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഇന്ന് കൂടി പേര് ചേർക്കാം. ജനുവരി 20 ന് പട്ടിക പ്രസിദ്ധീകരിക്കും. 15വരെയാണ് പരിശോധന. 31 ന് ശേഷം കിട്ടുന്ന അപേക്ഷകൾ സപ്ലിമെന്ററി പട്ടികയിൽ പെടുത്തും. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് പത്ത് ദിവസം മുമ്പ് അവസാന പട്ടിക പ്രസിദ്ധീകരിക്കും. എൻ.ആർ.ഐ വോട്ടർമാരായി 1812 പേരുടെ അപേക്ഷ കിട്ടിയെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
ആയിരം വോട്ടർമാർക്ക് ഒന്ന് എന്ന അനുപാതത്തിൽ ബൂത്തുകളുടെ എണ്ണം കൂട്ടും. ഇപ്പോൾ 25,041 ബൂത്തുകളാണ് ഉള്ളത്. 15,000 കൂടി വർദ്ധിപ്പിക്കും. നിലവിലുള്ള കെട്ടിടങ്ങളോട് ചേർന്നാണ് ഓക്സിലറി ബൂത്തുകൾ തുടങ്ങുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2.35 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. ഇത്തവണ 10,000 പേരെ കൂടി നിയമിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കണോ എന്ന് ഉടൻ കേരളത്തിലെത്തുന്ന കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. രാഷ്ട്രീയ പാർട്ടികളുമായും ഇക്കാര്യം ചർച്ച ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി. 51,500 ബാലറ്ര് യന്ത്രങ്ങൾ , 51,100 കൺട്രോളിംഗ് യൂണിറ്രുകൾ , അത്രയും വിവി പാറ്ര് യന്ത്രങ്ങൾ എന്നിവയാണ് ഉള്ളത്. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കാം. പലപ്പോഴും പരിശോധനയിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.