ldf-udf

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്ന് ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് അദ്ധ്യക്ഷന്മാർ ഇന്നലെ അധികാരമേറ്റപ്പോൾ എറണാകുളത്തും മലപ്പുറത്തും നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച വയനാട്ടിലുമായി യു.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് ഭരണം ഒതുങ്ങി. വയനാട്ടിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായതോടെയാണ് നറുക്ക് വേണ്ടിവന്നത്. 152​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ 111​ ​എ​ണ്ണം​ ​എ​ൽ.​ഡി.​എ​ഫും​ 38​ ​എ​ണ്ണം​ ​യു.​ഡി.​എ​ഫും​ ​നേ​ടി.​ ​മൂ​ന്നി​ട​ത്ത് ​ത​‌​ർ​ക്കം​ ​നി​ല​നി​ൽ​ക്കു​ന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകളാണ് എൽ.ഡി.എഫ് ഭരണത്തിലായത്. ഇവയിൽ കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും കാസർകോടും യു.ഡി.എഫിൽ നിന്ന് ഇക്കുറി പിടിച്ചെടുത്തതാണ്.

അപ്രതീക്ഷിത കൂട്ടുകെട്ടുകളും കളംമാറിച്ചവിട്ടലുകളും കണ്ട ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി പിന്തുണയോടെ നേടിയ നാല് അദ്ധ്യക്ഷപദവികൾ എൽ.ഡി.എഫ് ഉപേക്ഷിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ അദ്ധ്യക്ഷപദവിയിലെത്തിയ കേരള കോൺഗ്രസ്-എം പ്രതിനിധി രാജിവയ്ക്കാൻ കൂട്ടാക്കാത്തത് ഇടതുമുന്നണി നേതൃത്വത്തെ വെട്ടിലാക്കി. അവിണിശ്ശേരി, കോട്ടാങ്ങൽ, പാങ്ങോട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലാണ് ജയിച്ചതിന് പിന്നാലെ സി.പി.എം അദ്ധ്യക്ഷന്മാർ രാജിവച്ചു.

തൃശൂർ അവിണിശേരിയിലും ആലപ്പുഴയിലെ തിരുവൻവണ്ടൂരിലും ഇടതിനെ പിന്തുണച്ചത് യു.ഡി.എഫായിരുന്നു. ബി.ജെ.പിയെ തടയിടാനാണ് ഇടതിന് വോട്ട് ചെയ്തതെന്നാണ് യു.ഡി.എഫ് വിശദീകരിച്ചത്. പത്തനംതിട്ട കോട്ടാങ്ങലിലും തിരുവനന്തപുരത്ത് പാങ്ങോട്ടും എസ്.ഡി.പി.ഐയാണ് പിന്തുണച്ചത്.

തിരുവനന്തപുരത്തെ വെള്ളനാട്, ആലപ്പുഴയിലെ ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അദ്ധ്യക്ഷപദവി സ്വന്തമാക്കി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.എം ഭരണത്തിലെത്തി. ബി.ജെ.പിയെ അകറ്റാനാണ് യു.ഡി.എഫിന്റെ പിന്തുണ.

വടകര അഴിയൂരിൽ എസ്.ഡി.പി.ഐ അംഗങ്ങൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്തെങ്കിലും നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചു. തിരുവനന്തപുരത്തെ വെമ്പായത്തും കൊല്ലത്തെ പോരുവഴിയിലും എസ്.ഡി.പി.ഐ പിന്തുണയിൽ യു.ഡി.എഫ് ഭരണം നേടി. തിരുവനന്തപുരത്തെ വിളപ്പിലിൽ യു.ഡി.എഫ് വിമതയെ പ്രസിഡന്റാക്കി ബി.ജെ.പി ഭരണം പിടിച്ചു. കൊല്ലം കല്ലുവാതുക്കലിൽ ആറ് ഇടത് അംഗങ്ങൾ വിട്ടുനിന്നതോടെ എട്ടംഗങ്ങളുള്ള യു.ഡി.എഫിനെ തോല്പിച്ച് 9 അംഗങ്ങളുള്ള ബി.ജെ.പി ഭരണം പിടിച്ചു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പി.സി. ജോർജിന്റെ ജനപക്ഷം അംഗങ്ങളുടെ പിന്തുണയിൽ എൽ.ഡി.എഫ് ഭരണത്തിലെത്തി. ഉഴവൂരിൽ യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയിൽ വൺ ഇന്ത്യ വൺ പെൻഷൻ പ്രതിനിധി പ്രസിഡന്റായി.

@ഇടതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ


തിരുവനന്തപുരം - അഡ്വ.ഡി. സുരേഷ് കുമാർ

കൊല്ലം - സാം കെ.ഡാനിയൽ

ആലപ്പുഴ - കെ.ജി. രാജേശ്വരി

പത്തനംതിട്ട - ഓമല്ലൂർ ശങ്കരൻ

കോട്ടയം - നിർമ്മല ജിമ്മി

ഇടുക്കി - ജിജി കെ.ഫിലിപ്പ്

തൃശൂർ - പി.കെ. ഡേവിസ്

പാലക്കാട് - കെ. ബിനുമോൾ

കോഴിക്കോട് - കാനത്തിൽ ജമീല

കണ്ണൂർ - പി.പി. ദിവ്യ

കാസർകോട് - പി. ബേബി

@യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ

എറണാകുളം - ഉല്ലാസ് തോമസ്

മലപ്പുറം - എം.കെ. റഫീഖ

വയനാട് - സംഷാദ്