hacked

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസിന്റെ വിവേകശൂന്യമായ നടപടി കാരണം ദമ്പതിതകൾ പൊള്ളലേറ്റ് മരിച്ചതിലെ പ്രതിഷേധമായി, പൊലീസ് അക്കാഡമിയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. ഫേസ്ബുക്ക്‌ പേജിലൂടെ സൈബർ വാരിയേഴ്സ് തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. അക്കാഡമിയുടെ www.keralapoliceacademy.gov.in/ വെബ്സൈറ്റാണ് പ്രവർത്തനരഹിതമായത്.

കേരള സൈബർ വാരിയേഴ്സിന്റെ ഫേസ്ബുക്ക്‌ പോസ്​റ്റ്: 'ജനങ്ങൾക്കു വേണ്ടി ജനങ്ങളോടൊത്ത് പ്രവർത്തിച്ച് ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ പൊലീസ്, സ്വന്തം അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞു വെണ്ണീറായപ്പോൾ ആ കുട്ടികളുടെ മാനസികാവസ്ഥപോലും കണക്കിലെടുക്കാതെ കുഴിമാടം വെട്ടുന്ന മകനോട്‌ കാട്ടിയത് ക്രൂരതയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ വീഡിയോയാണ്‌ പൊലീസിനെതിരായി വന്നിട്ടുള്ളത്. അതിലെല്ലാം സാധാരണ ജനങ്ങളോടുള്ള പൊലീസിന്റ സമീപനം വ്യക്തമാകുകയാണ്.
പൊലീസ് അക്കാഡമിയിൽ ജനങ്ങളെ സേവിക്കാൻ പ്രാപ്തരാക്കുന്നവരെ മനുഷ്യത്വമുള്ളവരാണെന്നു കൂടി ഉറപ്പു വരുത്തി സമൂഹത്തിലേക്ക് അയയ്ക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ ജോലിപോകും എന്ന അവസ്ഥ വരണം. ജനങ്ങൾക്ക്‌ വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന ബോധം പൊലീസ് ഉദ്യോഗസ്ഥരിൽ ഉണ്ടാക്കാൻ കഴിയുന്ന പരിശീലന രീതികൾ അവലംബിക്കണം. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചുവിട്ട് സേനയെ സംശുദ്ധമാക്കണം.'