ശ്രീകാര്യം:കുട്ടിക്കാലത്തെ ബാലസംഘത്തിൽ ചേർന്ന് പ്രവർത്തിക്കുന്ന അവസരങ്ങളിൽ കേരളത്തിന്റെ നവോത്ഥാനത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുദേവന്റെ ദർശനം തന്നെ ഏറെ ആകർഷിച്ചിരുന്നതായും മേയർ എന്ന നിലയിൽ ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഗുരുദർശനം കരുത്തുപകരുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. 88ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ആരംഭ ദിനമായ ഇന്നലെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ നവീകരണം പൂർത്തിയാക്കിയ വയൽവാരം വീടിന്റെ സംരക്ഷണ മന്ദിര സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയർ. സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ സംരക്ഷണ മന്ദിര സമർപ്പണവും ചടങ്ങും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭ ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ, മുൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ്,ചെമ്പഴന്തി ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ ഡോ .സുഗീത,അമ്പലത്തറ ചന്ദ്രബാബു, വാവറമ്പലം സുരേന്ദ്രൻ, മഹാദേവൻ, ഷൈജു പവിത്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു.