വർക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ മൂന്ന് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി കൊല്ലംമുള വെച്ചൂച്ചിറ കോലശ്ശേരി വീട്ടിൽ നിന്ന് തിരുവല്ല എസ്. സി .എസ് ജംഗ്ഷനിൽ കിഴക്കേകോവൂർ വീട്ടിൽ താമസിക്കുന്ന രാജി (35), മല്ലപ്പള്ളി കോട്ടങ്ങൽ ചുങ്കപ്പാറ തൊടുകയിൽ വീട്ടിൽ സുമേഷ് (33), പത്തനം തിട്ട കോട്ടങ്ങൽ ചുങ്കപ്പാറ തൊടുകയിൽ വീട്ടിൽ ശ്രീധരൻ (59)എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. വർക്കല പുല്ലാനികോട് സ്വദേശിയായ ജോളി എന്നയാൾക്ക് സിംഗപ്പൂരിൽ ഷിപ്പിംഗ് കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്. തിരുവല്ലയിലുളള ഒലീവ് ടൂർസ് ആൻഡ് ട്രാവൽസിന്റെ മാനേജിംഗ് പാർട്ട്ണർ ആണ് ഒന്നാം പ്രതിയായ രാജി, ഈ സ്ഥാപനത്തിന്റെ ജനറൽ മാനേജരാണ് രണ്ടാം പ്രതിയായ സുമേഷ്. മൂന്നാം പ്രതിയായ ശ്രീധരൻ രണ്ടാം പ്രതി സുമേഷിന്റെ പിതാവും ഇവരുടെ ഇടനിലക്കാരനായി നിന്ന് ആൾക്കാരെ ക്യാൻവാസ് ചെയ്യുന്നയാളുമാണ്. 2018 ഒക്ടോബർ ഒന്നിന് ബാങ്ക് മുഖാന്തരമാണ് പരാതിക്കാരനായ ജോളി പണം ഇവർക്ക് കൈമാറിയത്. പണം നൽകിയ ശേഷം സിംഗപ്പൂരിലേക്ക് പോകാനുളള മെഡിക്കൽ ചെക്കപ്പും നടത്തി വിസയുടെ വ്യാജകോപ്പി നൽകി പറ്റിക്കുകയായിരുന്നു. പരാതിക്കാരന് തട്ടിപ്പ് സംഘം നൽകിയ മലേഷ്യൻ കമ്പനിയുടെ പേരിലുളള ജോബ് കൺഫർമേഷൻ ലെറ്റർ, എംപ്ലോയ്മെന്റ് കോൺടാക്ട് എന്നിവ വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, വനിതാ സി.പി.ഒ രമ്യ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി.