തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അടക്കമുള്ള ത്രിതല സ്ഥാപനങ്ങളിൽ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് സമഗ്രാധിപത്യം.ജില്ലാ പഞ്ചായത്ത്,പത്ത് ബ്ലോക്ക് പഞ്ചായത്തുകൾ, 52 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ എൽ.ഡി.എഫിന് അധികാരം ലഭിച്ചു.ഇതിൽ പാങ്ങോട് പഞ്ചായത്തിലെ സ്ഥാനം പിന്നീട് രാജിവച്ചു.യു.ഡി.എഫിന് നറുക്കെടുപ്പിലൂടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും 17 ഗ്രാമ പഞ്ചായത്തുകളുടെ ഭരണവും ലഭിച്ചു. നാല് ഗ്രാമ പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് അധികാരം ലഭിച്ചു.

എസ്.ഡി.പി.ഐ പിന്തുണയോടെ പാങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫിന് അധികാരം ലഭിച്ചെങ്കിലും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം പിന്നാലെ രാജിവച്ചു. വെമ്പായം പഞ്ചായത്തിൽ എസ്.ഡി.പി.ഐ യുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തി. ഒരു കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ വിളപ്പിൽ പഞ്ചായത്തിൽ ബി.ജെ.പി അധികാരത്തിലേറി. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ പെരിങ്ങമ്മല യു.ഡി.എഫിനും കിളിമാനൂർ,തിരുപുറം പഞ്ചായത്തുകൾ എൽ.ഡി.എഫിനും ലഭിച്ചു. നറുക്കെടുപ്പിലൂടെ അതിയന്നൂർ ,വിളവൂർക്കൽ പഞ്ചായത്തുകൾ യു.ഡി.എഫിനും നാവായിക്കുളം പഞ്ചായത്ത് എൽ.ഡി.എഫിനും ലഭിച്ചു. മടവൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എസ്.ഡി.പി.ഐ അംഗത്തിന് കോൺഗ്രസ് അംഗങ്ങൾ പിന്തുണ നൽകി. ഇവിടെ എൽ.ഡി.എഫാണ് ഭരണത്തിലെത്തിയത്. കള്ളിക്കാട്,കരവാരം,കല്ലിയൂർ, വിളപ്പിൽ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണം നേടിയത്.
വെള്ളനാട് ബ്ലോക്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേ സീറ്റുനില ആയതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്. പ്രസിഡന്റായി കോൺഗ്രസ് അംഗം എസ് .ഇന്ദുലേഖയും വൈസ് പ്രസിഡന്റായി സി.പി.എം അംഗം എസ് .എൽ.കൃഷ്ണകുമാരിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത് .വാമനപുരം ബ്ലോക്കിൽ കോൺഗ്രസിന് മത്സരിക്കാനും പിന്താങ്ങാനും ആളില്ലാതായതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക്‌ എതിരുണ്ടായില്ല.

രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ പാങ്ങോട് പഞ്ചായത്തിലാണ് സി.പി.എമ്മിലെ ദിലീപ് പ്രസിഡന്റായത്.
സിപിഎം 8, കോൺഗ്രസ് 7,എസ്.ഡി.പി.ഐ 2, വെൽഫെയർ പാർട്ടി 2 എന്നിങ്ങനെയാണ് ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയപ്പോൾ സി.പി.എം സ്ഥാനാർത്ഥിക്ക് എസ്.ഡി.പി.ഐ അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നു.കോൺഗ്രസിലെ എം.എം. ഷാഫി 9 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ ദിലീപ് 10 വോട്ടുകൾ നേടി.വിജയിച്ച ദിലീപ് വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും പിന്നാലെ പാർട്ടി നിർദ്ദേശാനുസരണം രാജി വയ്ക്കുകയായിരുന്നു.വിളപ്പിൽ ശാലയിൽ യു.ഡി.എഫ് അംഗവും സ്വതന്ത്രയും പിന്തുണച്ചത്തോടെ ബി.ജെ.പി അധികാരത്തിലെത്തി.

2015 ലെ തിരഞ്ഞെടുപ്പിൽ 73 ഗ്രാമപഞ്ചായത്തുകളിൽ 49 എൽ.ഡി.എഫിനും 21 യു.ഡി.എഫിനും മൂന്നെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പോത്തൻകോട് കഴിഞ്ഞതവണ യു.ഡി.എഫിനായിരുന്നു.