
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ അവഗണനയും, പാലാ സീറ്റ് ഭീതിയും എൻ.സി.പിയിൽ ഉയർത്തിയ മുറുമുറുപ്പുകളും, ജനതാദൾ-എസിലെ ആശയക്കുഴപ്പങ്ങളും വിജയാഹ്ലാദത്തിനിടയിലും ഇടതുമുന്നണിക്ക് തലവേദനയായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ജോസ് കെ.മാണി വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയാണ് പാലായിലെ സിറ്റിംഗ് എം.എൽ.എയായ എൻ.സി.പിയിലെ മാണി സി. കാപ്പന്റെ ഉറക്കം കെടുത്തുന്നത്. അദ്ദേഹത്തിന്റെ അതൃപ്തി പല രൂപത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ്, പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി സി.കാപ്പൻ മത്സരിക്കുമെന്ന പ്രഖ്യാപനം പി.ജെ. ജോസഫിൽ നിന്നുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് വരെയും പാലാ ഉയർത്തി, ഇടതുമുന്നണിയിൽ അസ്വസ്ഥത പെരുപ്പിക്കുകയെന്ന തന്ത്രവും യു.ഡി.എഫ് പയറ്റുന്നു. മാണി സി.കാപ്പനെ മാത്രമല്ല, എൻ.സി.പിയിലെ വലിയ വിഭാഗത്തെ തന്നെ അടർത്തി മുന്നണിയിലെത്തിക്കാനുള്ള ശ്രമവുമുണ്ട്.
ദേശീയതലത്തിൽ യു.പി.എയുടെ ഭാഗമായ എൻ.സി.പി, കേരളത്തിൽ യു.ഡി.എഫിനൊപ്പം ചേരുന്നതിൽ ദേശീയാദ്ധ്യക്ഷൻ ശരദ് പവാറിനും വിയോജിപ്പുണ്ടാവില്ലെന്നതിനാൽ ,സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തെ അടർത്തിയെടുക്കാമെന്നാണ് കണക്കുകൂട്ടൽ. കാപ്പനെ പിന്തുണയ്ക്കുന്നയാളാണ് പീതാംബരൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ കടുത്ത അവഗണന നേരിട്ടെന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ട്.
എന്നാൽ, ഇടതുമുന്നണി വിട്ടുപോകാൻ മന്ത്രി എ.കെ. ശശീന്ദ്രനും കൂട്ടരും ഒരുക്കമല്ലെന്നതാണ് എൻ.സി.പിക്ക് മുന്നിലെ പ്രതിസന്ധി. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ജനുവരി രണ്ട് മുതൽ ജില്ലാ നേതൃയോഗങ്ങൾ പീതാംബരന്റെ സാന്നിദ്ധ്യത്തിൽ വിളിക്കുന്നത് മുന്നണി വിടുന്നതിന്റെ തയാറെടുപ്പാണെന്ന അഭ്യൂഹങ്ങൾ പീതാംബരൻ നിഷേധിച്ചു. എൽ.ഡി.എഫ് വിടണമെന്ന ചർച്ച ഇതുവരെയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
കർണാടകയിൽ ജനതാദൾ-എസ് നേതൃത്വത്തിന്റെ ബി.ജെ.പി അനുകൂലസമീപനം പാർട്ടി കേരള ഘടകത്തെയും ഇടതുമുന്നണിയെയും വെട്ടിലാക്കുന്നു. കേന്ദ്രം പാസ്സാക്കിയ വിവാദ കാർഷിക ബില്ലുകളെ ദേവഗൗഡയുടെ മകൻ കൂടിയായ ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി പിന്തുണച്ചതും, കർണാടകയിലെ ബി.ജെ.പി സർക്കാർ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമഭേദഗതിയെ നിയമസഭയിൽ അനുകൂലിച്ചതും, ലജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനെതിരായ ബി.ജെ.പി സർക്കാരിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചതുമെല്ലാം കേരള പാർട്ടിയെ കുഴപ്പിക്കുന്നു. ദേവഗൗഡ നേരിട്ടിടപെട്ട് നടപടിയെടുത്ത, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. നാണുവിനെ പിന്തുണയ്ക്കുന്ന വിമതവിഭാഗം നേതാക്കൾ കർണാടക പാർട്ടിയുടെ ബി.ജെ.പി അനുകൂല നിലപാട് പരസ്യമായി ഉയർത്തിക്കാട്ടുന്നതും പ്രശ്നമാണ്.