police

തിരുവനന്തപുരം: നഗരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. പൊതുജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണം. ആഘോഷങ്ങൾ നടത്തുന്ന ഹോട്ടലുകളിലും സ്ഥാപനങ്ങളിലും സർക്കാർ നിർദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. വിവിധ സ്ഥലങ്ങളിൽ പൊലീസ് കർശനമായ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കും. നഗരത്തിൽ കോവളം, ശംഖുംമുഖം, ഓവർബ്രിഡ്‌ജ്, പാളയം, കഴക്കൂട്ടം, ചാക്ക ബൈപ്പാസ്, നേമം, കരമന, വെള്ളയമ്പലം, പൂജപ്പുര, കവടിയാർ, ശ്രീകാര്യം, വിഴിഞ്ഞം, ഫോർട്ട്, രാജ്ഭവൻ, സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റ് എന്നിവിടങ്ങൾ ഉൾപ്പെടെ 20 ഓളം കേന്ദ്രങ്ങളിലും വിഴിഞ്ഞം മുതൽ കഴക്കൂട്ടം – വെട്ടുറോഡ് വരെയുള്ള ബൈപ്പാസിലെ 12 സ്ഥലങ്ങളിലും പ്രത്യേക ചെക്കിംഗ് പോയിന്റുകൾ ഏർപ്പെടുത്തി. 18ഓളം കേന്ദ്രങ്ങളിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്സുകളെയും വിന്യസിച്ചിട്ടുണ്ട്. കോവളം കേന്ദ്രീകരിച്ച് എ.സി.പിമാർ, ഇൻസ്‌പെക്ടർമാർ, എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിനെക്കൂടാതെ അധികമായി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ശംഖുംമുഖത്തും പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.