chair

ആലുവ: ആലുവ മേഖലയിലെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ അട്ടിമറികളുണ്ടായില്ല. കടുങ്ങല്ലൂരിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്യ നിലയിലായതിനെ തുടർന്ന് നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫും പങ്കിട്ടു. ചെങ്ങമനാടും രണ്ടാംഘട്ട വോട്ടെടുപ്പിലൂടെ യു.ഡി.എഫ് ഭരണം പിടിച്ചു.

കടുങ്ങല്ലൂരിൽ നറുക്കെടുപ്പ്

അവസാനനിമിഷം വരെ ആര് ഭരിക്കുമെന്ന ആശങ്കനില നിന്ന പഞ്ചായത്താണിത്. നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ സുരേഷ് മുട്ടത്തിലിനെ പ്രസിഡന്റായും എൽ.ഡി.എഫിലെ രാജലക്ഷ്മിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 21 അംഗ ഭരണസമിതിയിൽ എട്ട് സീറ്റ് വീതമാണ് ഇരുമുന്നണികൾക്കും. ബി.ജെ.പിക്ക് മൂന്നും എസ്.ഡി.പി.ഐക്ക് രണ്ടും സീറ്റുണ്ട്. എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി വി.കെ. ശിവനും(സി.പി.എം) യു.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഷാഹിന ബീരാനു (ലീഗ്) മായിരുന്നു. എല്ലാവർക്കും എട്ട് വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് രണ്ടാംഘട്ട വോട്ടെടുപ്പിന് ശേഷമായിരുന്നു നറുക്കെടുപ്പ്.

ചൂർണിക്കരയും യു.ഡി.എഫിന്

ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ രാജി സന്തോഷിനെയും വൈസ് പ്രസിഡന്റായി ബാബു പുത്തനങ്ങാടിയെയും തിരഞ്ഞെടുത്തു. 18 അംഗ ഭരണ സമിതിയിൽ ഒരു കോൺഗ്രസ് വിമതനും ഒരു സ്വതന്ത്രയുടെയും പിന്തുണ ഉൾപ്പെടെ 12 പേർ ഇവരെ പിന്തുണച്ചു.

കീഴ്‌മാടിൽ സതി ടീച്ചർ പ്രസിഡന്റ്

അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിത സംവരണമായ കീഴ്മാട് എൽ.ഡി.എഫിലെ സതി ടീച്ചറെയും വൈസ് പ്രസിഡന്റായി അഭിലാഷ് അശോകനെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യു.ഡി.എഫിലെ സനില ടീച്ചർക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ.കെ. സതീശനും നാല് വോട്ടുകൾ വീതം ലഭിച്ചു. മൂന്ന് കോൺഗ്രസ് റിബലുകൾ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിട്ടുനിന്നു. രണ്ടംഗങ്ങളുള്ള വെൽഫെയർ പാർട്ടി രണ്ട് തിരഞ്ഞെടുപ്പിലും വിട്ടുനിന്നു.

എടത്തലയിൽ പ്രീജ കുഞ്ഞുമോൻ

പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായ ഇവിടെ സി.പി.എമ്മിലെ പ്രീജ കുഞ്ഞുമോൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി എൻ.സി.പി സ്വതന്ത്രൻ എം.എ. അബ്ദുൾ ഖാദറെയും തിരഞ്ഞെടുത്തു. എൻ.സി.പി ജില്ലാ - ബ്ളോക്ക് കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി സി.പി.എം ഏകപക്ഷീയമായി അബ്ദുൾ ഖാദറെ അവസനാനിമിഷം സ്ഥാനാർത്ഥിയാക്കിയതിനെ തുടർന്ന് എൻ.സി.പി യുവജന വിഭാഗം നേതാവായ അഫ്സൽ കുഞ്ഞുമോൻ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

ചെങ്ങമനാട്ടിൽ സെബ മുഹമ്മദാലി

ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിയു.ഡി.എഫിലെ സെബ മുഹമ്മദലിയെയും വൈസ് പ്രസിഡന്റായി ഷാജൻ എബ്രഹാമിനെയും തിരഞ്ഞെടുത്തു. അഞ്ച് അംഗങ്ങളുള്ള എൽ.ഡി.എഫും നാലംഗങ്ങളുള്ള എൻ.ഡി.എയും മത്സരിച്ചതിനെ തുടർന്ന് രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഇരുവരും വിജയികളായത്. ആദ്യ രണ്ടര വർഷമാണ് സെബയും ഷാജനും ഭരിക്കുക. പിന്നീട് യഥാക്രമം ജയ മുരളീധരന് പ്രസിഡന്റും സി.എസ്.അസീസിന് വൈസ് പ്രസിഡന്റുമാകും.

നെടുമ്പാശേരിയിൽ പി.പി. കുഞ്ഞ്

നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കോൺഗ്രസ് റിബൽ പി.വി. കുഞ്ഞിനെ പ്രസിഡന്റായും സന്ധ്യ നാരായണപിള്ള (കോൺഗ്രസ്) വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആകെയുള്ള 19 സീറ്റുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് സീറ്റുകൾ വീതമാണ്. പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്താണ് പി.വി. കുഞ്ഞിനെ കോൺഗ്രസ് കൂട്ടിലാക്കിയത്.

കുന്നുകരയിൽ കോൺഗ്രസ്

കുന്നുകര പഞ്ചായത്തിൽ കോൺഗ്രസിലെ സൈന ബാബുവിനെ പ്രസിഡന്റായും എം.എ. അബ്ദുൾ ജബ്ബാറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 15 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് എട്ടും എൽ.ഡി.എഫിന് ആറും എൻ.ഡി.എക്ക് ഒന്നും സീറ്റാണുള്ളത്.

പാറക്കടവ് യു.ഡി.എഫിന്

പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ എസ്.വി. ജയദേവനേയും വൈസ് പ്രസിഡന്റയി ഡെയ്‌സി ടോമിയേയും തിരഞ്ഞെടുത്തു. ജയദേവൻ മാമ്പ്ര കിഴക്ക് ഭാഗം വാർഡിനെയും ഡെയ്‌സി ടോമി പുവത്തുശേരി വാർഡിനെയുമാണ് പ്രതിനിധീകരിക്കുന്നത്.