
കൊയിലാണ്ടി: പുതിയ ഭരണസമിതി അധികാരമേറ്റെടുത്തിട്ടും അനധികൃത കെട്ടിട നിർമ്മാണം തകൃതി. റെയിൽവേ സ്റ്റേഷൻ റോഡിലെ ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമാണ് തുടർച്ചയായ അവധി ദിവസങ്ങളിൽ വാർക്കപ്പണി നടത്തിയത്. അർദ്ധരാത്രി നിർമ്മാണ സാമഗ്രികളും തൊഴിലാളികളേയും കോഴക്കോട് നിന്ന് എത്തിച്ചാണ് പണി പൂർത്തീകരിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയിൽ നിർമ്മാണ പ്രവർത്തനം നടന്നപ്പോൾ എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞത് വലിയ ചർച്ചയായിരുന്നു. തുടർന്ന് നഗരസഭാ എൻജിനീയറിംഗ് വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തനം ജനങ്ങളിൽ നിന്ന് മറച്ച് വെക്കാൻ ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ്. ചുറ്റുപാടും കാട് പിടിച്ച് കിടക്കുന്നതും ജനശ്രദ്ധ ഒഴിവാക്കാൻ സഹായകമായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മഴക്കാലത്ത് ഇടിഞ്ഞ് പൊളിഞ്ഞ് വീണതാണ് ഈ ഓട് മേഞ്ഞ ഇരു നില കെട്ടിടം. ഇതേ തുടർന്ന് വാടകക്കാർ ഒഴിഞ്ഞ് പോവുകയും ചെയ്തിരുന്നു. ഈ കെട്ടിടം പൊളിച്ച് മാറ്റാൻ വടകര സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിയമ സംവിധാനം മറികടന്ന് കെട്ടിടം പുനർ നിർമ്മിക്കാൻ കഴിഞ്ഞത് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചത് കൊണ്ടാണന്നും നാട്ടുകാർ പറയുന്നു. കൊയിലാണ്ടി സീനത്ത് മൻസിൽ മജ മുന്നീ സശ ബാബ, മുഹമ്മദ് റഫീക്, കദീശക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കെട്ടിടം. ഇതിന് പുറമേ നഗരത്തിലെ പല പഴക്കമേറിയ കെട്ടിടങ്ങളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അറ്റകുറ്റ പണി നടക്കുന്നതായും നാട്ടുകാർ പറയുന്നു.