
ശിവഗിരി:പ്രകൃതിയുടെ കനിവായി ചാറ്റൽ മഴ പെയ്തിറങ്ങിയ പുലരിയിൽ പീതാംബരധാരികളായ നൂറുകണക്കിന് ഭക്തരും സന്യാസി ശ്രേഷ്ഠരും ചൊല്ലിയ 'ശ്രീനാരായണ പരമഗുരവേ നമഃ 'എന്ന മൂലമന്ത്രം മുഴങ്ങിനിന്ന ശിവഗിരിയിൽ ലോക നന്മയ്‌ക്കും മഹാമാരി ഒഴിയാനുമായി ഇന്നലെ വിശ്വ മംഗള പ്രാർത്ഥന നടന്നു. ദൈവമേ കാത്തുകൊൾകങ്ങു !...കൈവിടാതിങ്ങു ഞങ്ങളെ...
മഹാസമാധിയിൽ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വമംഗള പ്രാർത്ഥനയായി ഗുരുദേവന്റെ ദൈവദശകം ആലപിച്ചത്.
തീർത്ഥാടനത്തിന്റെ സുപ്രധാനചടങ്ങായ ഗുരുദേവ റിക്ഷയുടെ നഗരപ്രദക്ഷിണ ഘോഷയാത്ര കൊവിഡ് കാരണം ഒഴിവാക്കിയിരുന്നു. രാവിലെ 7.45ന് ഗുരുദേവന്റെ ഛായാചിത്രം സ്ഥാപിച്ച റിക്ഷ സന്യാസി ശ്രേഷ്ഠൻമാർ മഹാസമാധിയുടെ കവാടത്തിന് മുന്നിലേക്ക് ആനയിച്ചു. സമാധിയിലെ ദീപാരാധനയ്‌ക്ക് ശേഷം ശ്രീനാരായണ പ്രസാദ് തന്ത്രികൾ കൊണ്ടുവന്ന ആരതി സ്വാമി വിശുദ്ധാനന്ദ ഏറ്റുവാങ്ങി റിക്ഷയിലെ ഗുരുദേവ ചിത്രത്തിൽ ഉഴിഞ്ഞു. തുടർന്ന് ചിത്രത്തിൽ ഹാരം ചാർത്തി പൂക്കൾ അർപ്പിച്ചു. മന്ത്രധ്വനികളും മണിനാദവും അന്തരീക്ഷം ഭക്തിസാന്ദ്രമാക്കി. തുടർന്ന് എട്ട് മണിയോടെ കൽപ്പടവുകൾ കയറി മഹാസമാധിയുടെ തിരുമുറ്റത്തെത്തി സ്വാമിമാർ വിശ്വമംഗള പ്രാർത്ഥന ചൊല്ലി. അപ്പോൾ ഭക്തരും സന്യാസി ശ്രേഷ്ഠരും നിന്നിടത്ത് നിന്ന് ദൈവദശകം ചൊല്ലി. ശിവഗിരി ടി.വി യിൽ തത്സമയം കണ്ട പ്രാർത്ഥനയിൽ ലോകമെമ്പാടുമുള്ള ഗുരുഭക്തർ പങ്കാളികളായി.
തുടർന്ന് സ്വാമി വിശുദ്ധാനന്ദ 88 - ാമത് തീർത്ഥാടനത്തിന്റെ സന്ദേശം നൽകി. സന്യാസിമാരായ അവ്യയാനന്ദ, ശിവസ്വരൂപാനന്ദ,ബ്രഹ്മ സ്വരൂപാനന്ദ,ഗോവിന്ദാനന്ദ,വിദ്യാനന്ദ തുടങ്ങിയവരും പങ്കെടുത്തു.
സ്വാമി വിശുദ്ധാനന്ദയുടെ
തീർത്ഥാടന സന്ദേശം
സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവുമായ പരമദൈവത്തിനു മാത്രമേ ലോകത്തിന്റെ ആധിക്കും വ്യാധിക്കും പരിഹാരം കാണാനാകൂ. കൊറോണ എന്ന ചെറിയ വൈറസിലൂടെ മനുഷ്യന്റെ അഹന്ത ചില്ല് കൊട്ടാരം പോലെ തകർന്നു. ഒന്നിച്ചിരിക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ ആഘോഷങ്ങളിൽ പങ്കെടുക്കാനോ കഴിയാത്ത വിധത്തിൽ ഈ രോഗം നമ്മെ അകറ്റി. വരും വർഷം ആധിയും വ്യാധിയുമൊഴിഞ്ഞ പുതിയ വർഷമാകാൻ ഗുരുദേവൻ നമ്മെ അനുഗ്രഹിക്കും. തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് ഗുരു എട്ടാമത്തെ വിരൽ മടക്കി പറഞ്ഞ സാങ്കേതിക വിദ്യയിലാണ് ഇന്ന് തീർത്ഥാടനം ലോകമെങ്ങും കാണുന്നത്. വരും വർഷങ്ങളിലെ തീർത്ഥാടനത്തിലും സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനപ്പെടുത്തും.എല്ലാ ഗുരുവിശ്വാസികൾക്കും ഗുരുവിന്റെ തത്വസംഹിതകളിൽ വിശ്വസിക്കുന്നവർക്കും 88 - ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാർത്ഥനാ പൂർണമായ ആശംസകൾ നേരുന്നു. ഗുരുവിന്റെ അനുഗ്രഹാശിസുകൾക്കായി സാഷ്ടാംഗം പ്രണമിക്കുന്നു. ഗുരു അനുഗ്രഹിച്ചരുളിയ അവകാശങ്ങൾ സാദ്ധ്യമാകുംവിധം ഗുരുകരുണ നമുക്ക് മേൽ അനുഗ്രഹമായി ചൊരിയും.
സ്വാമി സാന്ദ്രാനന്ദ
ലോകത്തെ ബാധിച്ച രോഗത്തിന് അറുതിവരുത്താൻ പരബ്രഹ്മ സ്വരൂപനായ ഭഗവാനോടുള്ള പ്രാർത്ഥനയാണ് വിശ്വമംഗള പ്രാർത്ഥന. മനുഷ്യന്റെ ഭൗതിക പുരോഗതിയുടെ പൂർണത ആത്മീയത ചേരുമ്പോഴാണ്. അതിനെയാണ് ഈശ്വരകാരുണ്യം, ഗുരുകൃപ എന്നൊക്കെ പറയുന്നത്. മനുഷ്യന്റെ അഹങ്കാരം വർദ്ധിച്ചപ്പോഴാണ് മഹാമാരി വന്നത്. അതിന്റെ മുന്നിൽ മനുഷ്യരാശി പകച്ചുനിൽക്കുകയാണ്. മഹാഗുരുവിന്റെ പ്രധാന സന്ദേശമായ ശുചിത്വം ശരിയായി പാലിക്കാത്തതാണ് ഇതിന് കാരണം. ഈ തീർത്ഥാടന വേളയിൽ നമ്മൾ മനസിൽ കരുതിവയ്ക്കേണ്ടത് പഞ്ചശുദ്ധി എന്ന സന്ദേശമാകണം. പുതുവർഷത്തിൽ ആരോഗ്യ സങ്കല്പവും മാറ്റിക്കുറിക്കണം. ഏവർക്കും പുതുവത്സര ആശംസകൾ.