2021

കൊച്ചി: വിടാതെ പിന്തുടർന്ന മഹാമാരിക്കും ദുരിതങ്ങൾക്കും വിട. ദുരിതനാളുകൾ തിരിച്ചുവരല്ലേയെന്നാണ് പുതുവർഷത്തിൽ എല്ലാവരുടെയും പ്രാർത്ഥന. മാറിയ സാഹചര്യത്തോടും രീതികളോടും പൊരുത്തപ്പെടുന്നതിനൊപ്പം പ്രതീക്ഷകളും ഇരട്ടിയാണ്. ലോകത്തെ തന്നെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്സിൻ വരുമെന്ന പ്രതീക്ഷയിലാണ് ലോകജനത ഒന്നാകെ. അതുകൊണ്ട് തന്നെ 2021 അതിജീവനത്തിന്റെ വർഷമാണ് എല്ലാവർക്കും.

എല്ലാ മേഖലകളും വൻതിരിച്ചടി നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച സമൂഹം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കൊവിഡിനൊപ്പം ജാഗ്രതയോടെ ജീവിക്കാൻ മനുഷ്യനും പഠിച്ചു കഴിഞ്ഞു. ഇത്തവണ പുതുവത്സര ആഘോഷങ്ങൾക്കും അതിർവരമ്പുകൾ ഏർപ്പെടുത്തി. മനുഷ്യൻ ഒതുങ്ങിജീവിക്കാനും ശീലിച്ചു.

ആഘോഷങ്ങളും ആരവവുമില്ലാതെ

പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ടൂറിസം മേഖലയെ വളരെയധികം ബാധിച്ചെങ്കിലും തിരിച്ചുവരവിനായി പ്രതീക്ഷയോടെ പുതിയ പദ്ധതികൾ ഒരുക്കുകയാണ്. കൊവിഡ് വ്യാപനം ടൂറിസം മേഖലയെ നീണ്ടകാലത്തേക്ക് നിശ്ചലമാക്കിയെങ്കിലും പടിപടിയായി എല്ലാം ഉണർന്നു തുടങ്ങുന്നുണ്ട്.

സൂരജ്,മാനേജർ, മാരെ ബ്ലൂ ബീച്ച് റിസോർട്ട്

നഷ്ടമായ വിപണികൾ

കഴിഞ്ഞ ഓണവിപണിയും ക്രിസ്‌മസ് വിപണിയുമെല്ലാം നഷ്ടമായത് വ്യാപാരികളെ തളർത്തി. സാമൂഹ്യാകലവും നിയന്ത്രണങ്ങളും കച്ചവടത്തെ നിശ്ചലമാക്കിയെങ്കിലും ജാഗ്രതയോടെ തന്നെ വ്യാപാരം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. അടച്ചുപൂട്ടൽ ഭീഷണിയിലായ മിക്ക മേഖലകളും മാറ്റം പ്രതീക്ഷിച്ചാണ് പുതുവർഷത്തെ വരവേൽക്കുന്നത്.

ഹമീദ് കെ.എ,വ്യാപാരി

പഠനവും കുട്ടികളും

ലോകചരിത്രത്തിൽ ഒരിക്കൽ പോലും വിദ്യാർത്ഥികൾ ക്ലാസുകളിൽ പോകാതെ പഠനം നടത്തിയിട്ടില്ല. എന്നാൽ 2020 അതിനൊരു മാറ്റം കൊണ്ടുവന്നു. മുൻകൂട്ടി പറയാതെ തന്നെ പഠനം ഹെെടെക്കായി. പരസ്പരം കാണാതെ അടുത്തിടപഴകാതെ ക്ലാസുകൾ നടന്നു. പുതുവർഷത്തിൽ അതിനും മാറ്റങ്ങൾ സംഭവിക്കുകയാണ്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുതിയ പ്രതീക്ഷകളൊടൊപ്പം വ്യത്യസ്ത അനുഭവങ്ങളുമാണ് വരാനിരിക്കുന്നത്.

രേഖ വേണു,അദ്ധ്യാപിക,സെന്റ് മേരീസ് എച്ച്.എസ്.എസ് പള്ളിപ്പുറം