
അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന ശാഠ്യം ഭരണ, പ്രതിപക്ഷങ്ങളായി നിൽക്കുമ്പോൾ ഏതെങ്കിലുമൊരു പക്ഷത്തിന് ഉണ്ടായിപ്പോകുന്നതൊരു തെറ്റല്ല. രാജ്യത്ത് പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം 'ഭേദചിന്ത'യില്ലാതെ പാസാക്കാൻ സഭ ചേർന്നപ്പോൾ പ്രതിപക്ഷത്തിനൊരു നേരിയ ഭേദചിന്തയുണ്ടായിപ്പോയതുകൊണ്ട് അതിനാൽ തെറ്റ് പറയാനാവില്ല. പക്ഷേ, സഭയെ ഞെട്ടിച്ചുകളഞ്ഞത് ഇവരാരുമല്ല. നേമം അംഗം ഒ. രാജഗോപാലാണ്!
'നിയമം നിയമത്തിന്റെ വഴിക്കെ'ന്ന് മന്ത്രിമാർ നിയമസഭയിൽ പലപ്പോഴും പറയാറുള്ളത്, പുറത്ത് കേൾക്കുമ്പോൾ 'നേമം നേമത്തിന്റെ വഴിക്കെ'ന്ന് തോന്നിപ്പോകാറുണ്ട്. ഇന്നലെ നേമം അംഗം നേമത്തിന്റെ വഴിക്ക് ശരിക്കും സഞ്ചരിച്ചു. അംഗത്തിന്റെ പാർട്ടി ഭരിക്കുന്ന സർക്കാരിന്റെ നിയമത്തിനെതിരായ പ്രമേയത്തെ അംഗം അനുകൂലിക്കുകയും പുറത്തെത്തി തന്റേത് ഉയർന്ന ഡെമോക്രാറ്റിക് സ്പിരിറ്റെന്ന് ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും കിടുങ്ങിപ്പോയിരിക്കണം!
കൊവിഡാനന്തര കാലത്ത് ഏറെനാൾ കൂടിയൊരു സഭാസമ്മേളനം ചേർന്നതാണ്. കൊവിഡിന്റെ മൂർദ്ധന്യനാളുകളിലൊന്നിൽ ചേർന്ന സഭാസമ്മേളനം ചൂടും പുകയുമുയർത്തിയത് അവിശ്വാസപ്രമേയ ചർച്ചയിലൂടെയായിരുന്നെങ്കിൽ അത്തരത്തിലൊരു സ്കോപ്പ് ഇല്ലാതിരുന്ന സമ്മേളനമായിരുന്നു ഇന്നലത്തേത്. പക്ഷഭേദമില്ലാതെ പ്രമേയം പാസാക്കാനുള്ള സമ്മേളനമായത് കൊണ്ടുതന്നെ വിരസമായിപ്പോയേക്കാമെന്ന് ധരിച്ചവരെ നിരാശപ്പെടുത്താതെ സരസമായവസാനിക്കാൻ പോന്ന ഇന്ധനം സമ്മേളനത്തിലുണ്ടായി.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിനകത്ത്, 'പ്രധാനമന്ത്രി നേരിട്ടിടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു' എന്നൊരു ഭേദഗതി എഴുതിച്ചേർക്കണമെന്നാണ് കോൺഗ്രസിലെ കെ.സി. ജോസഫ് ശഠിച്ചത്. അപ്പറഞ്ഞ സ്പിരിറ്റെല്ലാം പ്രമേയത്തിലുണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിനെതിരായ പ്രമേയത്തിൽ അതിനെ നയിക്കുന്ന പ്രധാനമന്ത്രിയെ പ്രത്യേകം എടുത്തുപറയേണ്ടെന്ന് വിശ്വസിച്ച അദ്ദേഹം ആ വിശ്വാസത്തിനപ്പുറത്തേക്ക് കടന്നുചിന്തിക്കാൻ കൂട്ടാക്കിയില്ല.
ഭേദഗതി വോട്ടിനിടണമെന്നായി കെ.സി. ജോസഫ്. ഇതുപോലൊരു വിഷയത്തിൽ 'ഡിവിഷൻ' ഒഴിവാക്കണമെന്ന് പി.ജെ. ജോസഫ് എഴുന്നേറ്റ് മുഖ്യമന്ത്രിയെ നോക്കി പറഞ്ഞു. ഡിവിഷൻ ഒഴിവാക്കാനുള്ള വിട്ടുവീഴ്ച രണ്ട് പക്ഷത്തുമാവാം എന്നദ്ദേഹം ചിന്തിച്ചുവോ എന്നറിയില്ല. 'ഈയൊരു പ്രമേയം പാസാക്കുകയാണ് ലക്ഷ്യം, മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അതിന്റെ വഴിക്ക് വിടുകയേ നിവൃത്തിയുള്ളൂ'വെന്ന് മുഖ്യമന്ത്രി അല്പം ക്ഷോഭത്തോടെ കൈയൊഴിഞ്ഞതോടെ പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളേണ്ടിവന്നു. ഭേദഗതി തള്ളപ്പെട്ടെങ്കിലും പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കാനാവാത്ത പ്രതിപക്ഷം, വിയോജിപ്പിലും യോജിച്ച് പ്രമേയത്തെ പിന്താങ്ങി. കേന്ദ്രനയത്തിനെതിരെ യോജിച്ച പ്രമേയം പാസാക്കിയ മറ്റൊരു സമ്മേളനവും അങ്ങനെ പൂർത്തിയായപ്പോൾ സ്പീക്കർ പ്രഖ്യാപിച്ചു: 'ചരിത്രപരമായ സമ്മേളനം'.
ഒരു മണിക്കൂറാണ് നിശ്ചയിച്ചതെങ്കിലും കക്ഷിനേതാക്കളെല്ലാം വാചാലരായപ്പോൾ ഒന്നേമുക്കാൽ മണിക്കൂറെടുത്താണ് സമ്മേളനം പൂർത്തിയായത്.