koot-

വെഞ്ഞാറമൂട്: "മധുരിക്കും ഓർമ്മകൾ " എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 33 വർഷങ്ങൾക്ക് ശേഷം തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേർന്നു. 1987 ൽ എസ്.എസ്.സി പഠനം കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിഞ്ഞവരാണ് വീണ്ടും സ്കൂളിൽ വച്ച് കണ്ടുമുട്ടിയത്. ഈ കൂട്ടായ്മയിലെ അംഗമായ നജീബ് ആനക്കുഴി സ്കൂളിന്റെ മാനേജറായത് ഈ സംഗമത്തിന് ആവേശം പകർന്നു.

ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന പുല്ലമ്പാറ വാലിക്കുന്ന് കോളനിയിൽ ടി.വി നൽകി, കിഡ്നി രോഗിയായ സഹപാഠിക്ക് സഹായ ഹസ്തം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു.

കൂട്ടായ്മയുടെ പേരിൽ നടത്തിവന്ന അന്താക്ഷരീ സംഗീത പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് പഴയ കൂട്ടുകാർ ബുധനാഴ്ച വീണ്ടും ഒത്തുകൂടിയത്. സംഗീത മത്സരത്തിൽ വിജയികളായ മുരളീധരൻ, സരള, നജീബ് എന്നിവർക്ക് കാഷ് പ്രൈസും ഉപഹാരവും വിതരണം ചെയ്തു.

സൂളിലെ പൂർവ അദ്ധ്യാപിക റഹ്മത്ത് ടീച്ചർ മുഖ്യാതിഥിയായിരുന്നു. എസ്.ആർ. അനിൽകുമാർ, എ. ഷാജി, ആർ.ജി. അനിൽകുമാർ, സാജിതാബീവി എന്നിവർ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.