
തൃശൂർ: കേന്ദ്ര സർക്കാർ അനുവദിച്ച കടലയും പയറുമുൾപ്പെടുന്ന ധാന്യങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ക്രിസ്മസ് കിറ്റിലേക്ക് മാറ്റി സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ആരോപിച്ചു. ജനപ്രിയ കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സർക്കാരിന്റേതാക്കി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാർ പാവങ്ങളുടെ ആനുകൂല്യത്തിലും കൈയിട്ട് വാരുകയാണ്. ഇതനുവദിക്കാനാവില്ല.
ബി.പി.എൽ, മുൻഗണനാവിഭാഗങ്ങൾക്കാണ് റേഷൻകടകളിലൂടെ സൗജന്യമായി കടല ലഭിക്കേണ്ടത്. കേന്ദ്ര സർക്കാർ അറിയിപ്പ് അനുസരിച്ചെത്തുന്ന പാവങ്ങൾക്ക് മുന്നിൽ റേഷൻ കടക ഉടമകൾ കൈമലർത്തുകയാണ്. ഇതുവരെ ഡിസംബറിലെ വിഹിതമായ കടല സംസ്ഥാനത്തെ ഒരു റേഷൻകട വഴിയും വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ മാസം വിതരണം മുടങ്ങിയ സാഹചര്യത്തിൽ കടല റേഷൻകടകൾ വഴി കരിഞ്ചന്തയിലേക്ക് ഒഴുകാൻ സാദ്ധ്യതയുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടക്കുന്ന കൊള്ളയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും റിഷി പൽപ്പു പറഞ്ഞു.