cm-pinarayi-

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങളിൽ എതിർപ്പിന്റെ ഒരേസ്വരമായി കേരളം. വിവാദ നിയമങ്ങൾക്കെതിരായ പ്രമേയം ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റെയടക്കം പിന്തുണയോടെ നിയമസഭ പാസാക്കിയത് ഏകകണ്ഠമായി.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിക്കുന്നതായി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷത്തെ കെ.സി. ജോസഫിന്റെ ഭേദഗതി സഭ ശബ്ദവോട്ടോടെ തള്ളി. കേന്ദ്ര സമീപനത്തെക്കുറിച്ച് ഉള്ളടക്കത്തിൽ വിമർശനമുണ്ടെന്നും, പ്രധാനമന്ത്രിയെ പ്രത്യേകം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബദൽ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യത പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമേയ ചർച്ചയിൽ ബി.ജെ.പി അംഗം ഒ. രാജഗോപാൽ കാർഷിക നിയമങ്ങളെപ്പറ്റിയുള്ള പ്രമേയ പരാമർശങ്ങളെ എതിർത്തു. ഇതിൽ കർഷകർക്ക് നല്ലതിനുതകുന്നവയുണ്ടെങ്കിൽ ആകട്ടെയെന്നു പറഞ്ഞ അദ്ദേഹം പിന്നീട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് കേന്ദ്ര നിയമമെന്നും ഭക്ഷ്യധാന്യങ്ങൾക്ക് നിലവിലെ താങ്ങുവില പോലും നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് കർഷകരെ അലട്ടുന്നതെന്നും പ്രമേയത്തിൽ പറയുന്നു. കർഷകരുടെ വിലപേശൽ ശേഷി കോർപ്പറേറ്റ് ശക്തികൾക്കു മുന്നിൽ ദുർബലമാകും. കർഷകർക്ക് നിയമപരിരക്ഷയ്‌ക്കുള്ള വ്യവസ്ഥകളില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഭക്ഷ്യ സ്വയംപര്യാപ്തത ഇല്ലാതാകുമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ സംസാരിച്ച കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് പറഞ്ഞു. 100 ദിവസം മുമ്പാണ് കേന്ദ്രം നിയമങ്ങൾ പാസാക്കിയത്. ഇത്രയും വൈകി സഭ സമ്മേളിക്കുമ്പോൾ, ചടങ്ങു മാത്രമാക്കാതെ പഞ്ചാബ് മാതൃകയിൽ ബദൽ നിയമനിർമ്മാണം നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ ഞെട്ടിച്ച് സഭയിൽ രാജേട്ടൻ

മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തെ പിന്തുണച്ച് നിയമസഭയിൽ ഒ. രാജഗോപാൽ കൈയുയുർത്തിയപ്പോൾ ഞെട്ടിയത് ബി.ജെ.പി. ചർച്ചാവേളയിൽ കേന്ദ്ര നിയമങ്ങളെ പ്രകീർത്തിച്ചെങ്കിലും, പ്രമേയം പാസാക്കുന്ന സമയത്ത്, പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം അദ്ദേഹവും കൈയുയർത്തുകയായിരുന്നു. കേന്ദ്രത്തിനെതിരായ പ്രമേയത്തെ ബി.ജെ.പിക്കാരനായതുകൊണ്ടു മാത്രം എതിർക്കുന്നത് ശരിയല്ലെന്നും, ഒന്നിച്ചു നിൽക്കണമെന്ന നിലപാട് ഡെമോക്രാറ്റിക് സ്പിരിറ്റ് ആണെന്നും അദ്ദേഹം പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിക്കുക കൂടി ചെയ്തതോടെ പാർട്ടി ശരിക്കും വെട്ടിലായി.

അതേസമയം, സംഭവം വിവാദമായതോടെ ഉച്ചകഴിഞ്ഞ് രാജഗോപാൽ മലക്കംമറിഞ്ഞു. കേന്ദ്ര നിയമങ്ങളെയോ കേന്ദ്ര സർക്കാരിനെയോ എതിർത്തിട്ടില്ലെന്ന് പത്രക്കുറിപ്പിൽ പറഞ്ഞ രാജഗോപാൽ, സ്പീക്കർ ആണ് കുഴപ്പിച്ചതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പ് വേളയിൽ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും വേർതിരിക്കാതെ ഒറ്റച്ചോദ്യമാക്കിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്- അദ്ദേഹം പറഞ്ഞു.