
കർക്കശക്കാരനായ മുഖ്യമന്ത്രി തലപ്പത്തുണ്ടായിട്ടും വീഴ്ചകളിൽനിന്ന് വീഴ്ചകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു പോയവർഷം കേരളാ പൊലീസ്. ഉന്നത ബിരുദങ്ങളുള്ളവർ സേനയിലെത്തിയിട്ടും ചെറിയൊരു ശതമാനത്തിന്റെ മാന്യമല്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ സേനയാകെ തലകുനിച്ചു നിൽക്കുന്നു. ഹെൽമെറ്റില്ലാത്തതിന് വൃദ്ധനെ വലിച്ചിഴച്ചും കരണത്തടിച്ചും ജീപ്പിലേക്ക് എടുത്തെറിഞ്ഞും കൈക്കരുത്ത് കാട്ടി, കേരളത്തെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ പൊലീസ്, നെയ്യാറ്റിൻകരയിൽ പിതാവിന് കുഴിയെടുക്കുന്നത് തടയവേ പതിനാറുകാരന്റെ ചൂണ്ടുവിരലിൽ നിന്നുയർന്ന തീപ്പന്തത്തിൽ പൊള്ളലേറ്റു നിൽക്കുകയാണ്.
ദേഹത്ത് പെട്രോളൊഴിച്ച് കുടിയിറക്കൽ തടയാൻ ശ്രമിക്കവേ, കത്തിച്ചുവച്ച ലൈറ്റർ തൊപ്പി കൊണ്ട് തട്ടിത്തെറിപ്പിച്ച വിവേകശൂന്യമായ നടപടിയുടെ പേരിൽ സേനയാകെ ദുഷ്‌പേരു കേട്ടു. അതേസമയം, ലോക്ക്ഡൗൺ കാലത്ത് രാപകൽ ഭേദമില്ലാതെ തെരുവുകളിൽ പ്രതിരോധക്കോട്ട ഉയർത്തിയതും അരിയും പലവ്യഞ്ജനങ്ങളുമൊക്കെ വീട്ടുകളിലെത്തിച്ചതും സ്വന്തം ആരോഗ്യം പോലും മറന്ന് കൊവിഡിനെതിരെ കോട്ടകെട്ടിയതും പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലായിരുന്നു. അറുപതിനായിരത്തോളം വരുന്ന സേനാംഗങ്ങളിൽ ചെറിയൊരു വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് സേനയ്ക്കാകെ ചീത്തപ്പേരുണ്ടാക്കുന്നത്. 2021ൽ ദുഷ്‌പ്പേരെല്ലാം കഴുകിക്കളഞ്ഞ്, പുതുശോഭയോടെ രാജ്യത്ത് നമ്പർവൺ പദവിയിലേക്ക് കേരളാ പൊലീസ് കുതിച്ചുയരുമെന്ന് കേരളം പ്രതീക്ഷിക്കുന്നു.
കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊലയ്‌ക്ക്, അറിഞ്ഞും അറിയാതെയും പൊലീസ് ഒത്താശ ചെയ്തത് വെളിച്ചത്തായതിനു പിന്നാലെയാണ് പാലക്കാട്ട് തേങ്കുറിശിയിലെ അനീഷിനെയും ദുരഭിമാനത്തിന്റെ പേരിൽ ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയത്. ജീവന് ഭീഷണിയെന്ന പരാതി ജാഗ്രതയിലെടുക്കാതെ പൊലീസ് ഒത്തുതീർപ്പാക്കി വിട്ടതാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന് വിവരം കിട്ടിയിട്ടും കേസെടുക്കാതെ, പ്രതികളുമായി പൊലീസ് ഒത്തുകളിക്കുകയായിരുന്നു. ഏതാനും ചില പൊലീസുദ്യോഗസ്ഥരുടെ പിടിപ്പുകേടു കാരണം രണ്ട് പെൺകുട്ടികൾ നന്നേ ചെറുപ്പത്തിൽ വിധവകളായത് നമ്മുടെ സമൂഹത്തിന് ഭൂഷണമല്ല. പരാതികളിൽഎഫ്.ഐ.ആർ വൈകിപ്പിക്കരുതെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തുവിവരം ലഭിച്ചാലും അന്വേഷിക്കാതെ വിടരുതെന്നും മേഖലാതലത്തിൽ പൊലീസുദ്യോഗസ്ഥരുടെ യോഗംവിളിച്ച് മുഖ്യമന്ത്രി കർശനനിർദ്ദേശം നൽകിയിട്ടും യാതൊരു ഫലമുണ്ടായിട്ടില്ല.
കൊച്ചിയിലെ സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ കാണാതായതായ വിവരവുമായി മാതാപിതാക്കൾ വനിതാ, നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽ കയറിയിറങ്ങിയിട്ടും അധികാരപരിധിയെച്ചൊല്ലി തർക്കിച്ച് അന്വേഷണം നടത്താതിരുന്നതിനെത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടത്. വസ്തുതാപരമായ വിവരം കിട്ടിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തിരച്ചിൽ നടത്തിയിരിക്കണമെന്നും ഉടനടി നടപടിയെടുക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം പിന്നീട് കോട്ടയത്ത് കെവിനെ കാണാതായെന്ന് ഭാര്യയുടെ പരാതിയുണ്ടായപ്പോഴും ലംഘിക്കപ്പെട്ടു. പൊലീസ് ആക്ടിലെ 86-സി പ്രകാരം സ്ത്രീകളോട് ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാം. ഇത് പ്രയോഗിക്കാറേയില്ല. കേസിൽപ്പെട്ടാൽ ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. എസ്.ഐക്കെതിരായ വകുപ്പുതല അന്വേഷണം തീരാൻ 15വർഷമെങ്കിലും കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും. ഏത് കൊള്ളരുതായ്മ കാട്ടിയാലും ഒരു സസ്പെൻഷനിൽ കൂടുതലൊന്നും സംഭവിക്കില്ലെന്നതാണ് കാക്കിക്കുള്ളിലെ കാപാലികർക്ക് തുണയാവുന്നത്.
പൊലീസുകാരുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയായിരിക്കണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോൾ ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അന്ത്യശാസനം ചെവിക്കൊള്ളാതെയാണ് കൊല്ലത്ത് വൃദ്ധനെ നടുറോഡിൽ യുവ എസ്.ഐ ചെകിട്ടത്തടിച്ചത്. പൊലീസിലെ അഴിമതിയും കെടുകാര്യസ്ഥതയും വച്ചുപൊറുപ്പിക്കില്ലെന്നും പക്ഷപാതവും വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളും ഉപേക്ഷിച്ച് നീതിനിർവഹണത്തിൽ ജനങ്ങളുടെ പക്ഷത്തു നിൽക്കണമെന്നും സർക്കാർ ഇടയ്ക്കിടെ താക്കീതു നൽകുന്നുണ്ടെങ്കിലും സേനയിൽ ചെറിയൊരുവിഭാഗം കേട്ടമട്ട് നടിക്കുന്നില്ല. പിണറായി സർക്കാർ വന്ന ശേഷം കൃത്യനിർവഹണത്തിലെ വീഴ്ചയുടെ പേരിൽ മൂന്ന് ഡസനോളം പൊലീസുകാർ സസ്പെൻഷനിലായി. എസ്.ഐമാർ അടക്കം ഇരുപതിലേറെപ്പേർ കേസുകളിൽ പ്രതികളായി. എന്നിട്ടും വീഴ്ചകൾ തുടരുന്നു.
പ്രതീക്ഷകളുടെ 2021
ഇക്കൊല്ലമെങ്കിലും പൊലീസിലെ തെറ്റുതിരുത്തൽ നടപ്പാകുമെന്ന് പ്രതീക്ഷിക്കാം. ജനങ്ങളോടുള്ള പെരുമാറ്റം മോശമായാൽ കസേര തെറിക്കുമെന്ന ഡി.ജി.പിയുടെ സർക്കുലർ കടലാസിലൊതുങ്ങാതെ പ്രാവർത്തികമാക്കണം. മോശം പെരുമാറ്റമെന്ന് പരാതിയുണ്ടായാൽ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസുകാർക്കായിരിക്കണം. പരാതിക്കാർക്ക് മനോവേദനയുണ്ടാക്കുന്ന പെരുമാറ്റം പൊലീസുകാരിൽ നിന്നുണ്ടാവാൻ പാടില്ല. അവസാന ആശ്രയമെന്ന നിലയിൽ പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ ദുഃഖവും വേദനയും മനസിലാക്കാൻ പൊലീസുകാർക്ക് കഴിയണം. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. ലഭിക്കുന്ന എന്തു വിവരത്തിലും കൃത്യമായ ഇടപെടലുകളും അനുകമ്പയോടെയുള്ള പെരുമാറ്റവുമാണ് പൊലീസിന് വേണ്ടത്. സാധാരണക്കാർക്ക് ഉദ്യോഗസ്ഥരെ നേരിൽക്കാണാനും പരാതി നൽകാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഉന്നത ഉദ്യോഗസ്ഥരെ കാണാൻ അവസരമില്ലാത്തത് ജനങ്ങളിൽ പൊലീസിനെക്കുറിച്ച് മോശം പ്രതിച്ഛായയുണ്ടാക്കും.
മറക്കരുത് ഈ
അഞ്ച് കാര്യങ്ങൾ
1.സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ തെറ്റാണെന്ന് കരുതി നടപടിയെടുക്കാതിരിക്കരുത്. കാലതാമസം പാടില്ല. അതേസമയം വ്യാജസന്ദേശങ്ങൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണം.
2. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഏത് അവസ്ഥയിലും സഭ്യേതര പദപ്രയോഗം പാടില്ല. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിലാവണം പെരുമാറ്റം.
3. തുറന്ന മനസോടെയും മുൻവിധികളില്ലാതെയുമാവണം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഉദ്യോഗസ്ഥർ ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായിരിക്കണം. സർവീസിലുടനീളം നിഷ്‌പക്ഷരായിരിക്കണം.
4. സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുണ്ടാവണം. ജനങ്ങളുടെ മനോഭാവം, ഭൂമിശാസ്‌ത്രം, മുൻകാല ചരിത്രം എന്നിവ മനസിലാക്കി ഏതു പ്രശ്‌നവും കൃത്യതയോടെ പരിഹരിക്കണം.
5. പൊതുജന സഹകരണത്തിലൂടെ മികച്ച ഇന്റലിജൻസ് സംവിധാനമുണ്ടാക്കണം. റസിഡന്റ്‌സ് അസോസിയേഷനുകൾ, സംഘടനകൾ, സ്‌കൂളുകൾ എന്നിവയുമായി നിരന്തര സമ്പർക്കം വേണം. ജനമൈത്രി പദ്ധതി ശക്തമാക്കണം.
മുഖ്യമന്ത്രി പറയുന്നു....
എത്ര മികവുകളുണ്ടെങ്കിലും ഒരു മോശം കാര്യമുണ്ടായാൽ അതായിരിക്കും പൊലീസിന്റെ മുദ്ര. പൊലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണം. പൊലീസുകാരുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയായിരിക്കണം. കൃത്യനിഷ്ഠ പാലിക്കണം, ജനങ്ങളുമായി ഇടപഴകുമ്പോൾ ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തണം. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കുക എന്ന ചുമതലയാണ് പൊലീസിനുള്ളത്. അത് മറക്കരുത്.