
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശ, നിർദ്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ടയാളാണ് ഗവർണറെന്നും, നിയമസഭ വിളിച്ചു ചേർക്കുന്നതിൽ ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞു.
ഭരണഘടനാപരമായി നിയമസഭ വിളിച്ചുചേർക്കൽ സർക്കാരിന്റെ അവകാശമാണെന്നിരിക്കെ, രണ്ട് മന്ത്രിമാർ കേക്കുമായി ചെന്ന് ഗവർണറുടെ കാല് പിടിച്ചത് നിർഭാഗ്യകരമായിപ്പോയെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് വിമർശിച്ചു. എന്നാൽ, ആദ്യഘട്ടത്തിൽ സഭാസമ്മേളനം വിളിക്കാൻ ശുപാർശ ചെയ്തപ്പോൾ ഗവർണർ അനുമതി നൽകുമെന്നാണ് പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാന നിമിഷമാണ് അംഗീകാരമില്ലെന്ന അറിയിപ്പ് വന്നത്. അതിന്ശേഷം പെട്ടെന്ന് വിളിച്ചുകൂട്ടാൻ പറ്റില്ല. എം.എൽ.എമാരുടെ യോഗം വിളിച്ച് പ്രതിഷേധിക്കണമെന്നെല്ലാമുള്ള നിർദ്ദേശങ്ങൾ ചിലർ വച്ചതാണ്. ഏറ്റവും പ്രധാനം നിയമസഭയുടെ തന്നെ പ്രമേയം വരികയെന്നതാണ്. എം.എൽ.എമാരുടെ യോഗം ചേർന്നാൽ അത് നിയമസഭയാവില്ല. ഗവർണറുടെ നിലപാട്
ശരിയല്ലെന്ന് ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധികളടക്കം ഉൾക്കൊള്ളിച്ച് ഗവർണറെ അറിയിച്ചു. അതോടൊപ്പം, വീണ്ടും സമ്മേളനം ചേരാനുള്ള തീരുമാനവുമറിയിച്ചു. ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും നിയമസഭയുടെയും അവകാശം ഹനിക്കപ്പെട്ടുകൂടാ. ഗവർണറെ മന്ത്രിമാർ കാണുന്നതിൽ അസാംഗത്യമില്ല. അദ്ദേഹം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നത് ഭരണഘടനപ്രകാരം സർക്കാരിന്റെ കടമയാണ്. കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കുന്നതും ചർച്ച ചെയ്യുന്നതും കാല് പിടിക്കലായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറോട് ഏറ്റുമുട്ടുന്നത് ഭംഗിയുള്ള കാര്യമല്ലെന്നും, സർക്കാർ ശരിയായ രാഷ്ട്രീയസംസ്കാരം ഉയർത്തിപ്പിടിച്ചുവെന്നും ചർച്ചയിൽ പങ്കെടുത്ത കെ.ബി. ഗണേശ് കുമാറും പറഞ്ഞു.