afsal

കോട്ടയം : ജനറൽ ആശുപത്രിയിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗും പണവും മോഷ്ടിച്ച കോഴിക്കോട് സ്വദേശി അഫ്‌സൽ (55) നെയാണ് വെസ്റ്റ് സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. മോഷണം വർദ്ധിക്കുന്നതായുള്ള പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനു ആശുപത്രി കേന്ദ്രീകരിച്ചു പരിശോധന നടത്താൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ കൺട്രോൾ റൂം പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സെൻട്രൽ ജംഗ്ഷനിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ടെത്തിയത്. കൺട്രോൾ റൂം ഉദ്യോഗസ്ഥരായ എ.എസ്.ഐ ഐ.സജികുമാർ, സിവിൽ പൊലീസ് ഓഫീസർ ജെനിൻ, സിവിൽ പൊലീസ് ഓഫീസർ സുധീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് ബാഗും, 3000 രൂപയും പിടിച്ചെടുത്തു.

ജില്ലാ ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സ തേടിയിരുന്ന തിരുവല്ല സ്വദേശിയായ മറിയാമ്മ എന്ന വീട്ടമ്മയുടെ ബാഗാണ് മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.