pinarayi

തിരുവനന്തപുരം: കർഷക പ്രക്ഷോഭം തുടരുന്നത് കേരളത്തെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലേക്ക് വഴുതിവീഴും. ഈ കൊവിഡ് വ്യാപനഘട്ടത്തിൽ അത്തരമൊരു സ്ഥിതി സൃഷ്ടിക്കാവുന്ന പ്രത്യാഘാതം കേരളത്തിന് താങ്ങാനാവില്ല. നിയമനിർമ്മാണങ്ങൾ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോൾ, നിയമനിർമ്മാണസഭകൾക്ക് അത് ഗൗരവമായി പരിഗണിക്കാൻ ബാദ്ധ്യതയുണ്ട്. രാജ്യത്തെ പല ഭാഗങ്ങളിലും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും കർഷക ആത്മഹത്യകളും സാമൂഹ്യപ്രശ്നങ്ങളായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കൂടുതൽ ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കാർഷികവൃത്തി ലാഭകരമാക്കാനുള്ള നടപടികളാണ് സർക്കാരെടുക്കേണ്ടത്. പകരം, കാർഷികോപന്നങ്ങളുടെ വ്യാപാരമാകെ കോർപ്പറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയാണ്. സംഭരണത്തിലും വിതരണത്തിലും നിന്ന് സർക്കാർ പിന്മാറുമ്പോൾ, പൂഴ്ത്തിവയ്പും കരിഞ്ചന്തയും വർദ്ധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കർഷകന്റെ കണ്ണീരിൽ കുതിർന്ന നാടായി രാജ്യം മാറിയെന്നും, അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് സഭ ചർച്ച ചെയ്യുന്നതെന്നും ആമുഖമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

കാർഷികമേഖലയുടെ നിലനില്പിനായുള്ള ഈ സമരം രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് കോൺഗ്രസ് ഉപനേതാവ് കെ.സി. ജോസഫ് പറഞ്ഞു. പ്രധാനമന്ത്രി പറയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അന്നം വിളയില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പ്രമേയത്തിൽ ഗവർണർക്കെതിരെ പരാമർശം വേണമെന്ന് ലീഗിലെ ടി.എ. അഹമ്മദ് കബീർ പറഞ്ഞു.

മാത്യു.ടി. തോമസ് ,പി.ജെ. ജോസഫ്, ഒ. രാജഗോപാൽ, മാണി സി.കാപ്പൻ, അനൂപ് ജേക്കബ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേശ് കുമാർ, കോവൂർ കുഞ്ഞുമോൻ, പി.സി. ജോർജ് എന്നിവരും സംസാരിച്ചു.