
തിരുവനന്തപുരം:അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കാൻ കളമൊരുക്കി സംസ്ഥാന ലോട്ടറി നിയമഭേദഗതി ചട്ടങ്ങൾ 24 (3), 24 (10) റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന അഭിഭാഷകരെ നിയോഗിച്ച് കേസ് നടത്തും. കോടതി വിധി മുതലെടുത്ത് കേരളത്തിൽ കയറി കച്ചവടം നടത്താനുള്ള ലോട്ടറി മാഫിയയുടെ ശ്രമങ്ങളെ തടയും. ജി.എസ്.ടി നടപ്പാക്കിയതോടെ ലോട്ടറിയും ഒരു ചരക്കായി നിർവചിച്ചിട്ടുണ്ട്. ലോട്ടറിക്ക് ജി.എസ്.ടി ഈടാക്കുന്നുണ്ട്. നികുതിയുടെ പകുതി സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. കേന്ദ്ര ജി.എസ്.ടി വകുപ്പിൽ നിന്നാണ് മാഫിയകൾ രജിസ്ട്രേഷൻ എടുക്കുന്നതെങ്കിലും എസ്.ജി.എസ്.ടി നിയമവും ചട്ടവും പാലിച്ചാണോ ലോട്ടറി നടത്തിപ്പ് എന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് പരിശോധിക്കും. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.
പേപ്പർ ലോട്ടറി ആക്ടിലെ കൂട്ടിച്ചേർക്കപ്പെട്ട ഭാഗം മാത്രമാണ് കോടതി റദ്ദാക്കിയതെന്നും ബാക്കിയുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ അന്യ സംസ്ഥാന ലോട്ടറികളെ ചെറുക്കാൻ ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ ലോട്ടറി രംഗത്തെ മുഴുവൻ പേരുടെയും സഹകരണം സർക്കാർ തേടിയിട്ടുണ്ട്. ലോട്ടറി മാഫിയകൾക്ക് മത്സരിക്കാനാവാത്ത വിധം കേരള ലോട്ടറി ആകർഷകമാക്കും. ലോട്ടറി മേഖലയിൽ ഇടനിലക്കാരുടെ കൊള്ള അനുവദിക്കില്ല. ലോട്ടറി മാഫിയയെ സഹായിക്കുന്നത് ബി.ജെ.പിയാണെന്നും ഇരട്ടി നികുതി ഏകീകരിച്ച ജി.എസ്. ടി കൗൺസിൽ തീരുമാനമാണ് മാഫിയയെ സഹായിക്കുന്നതെന്നും മന്ത്രി കുറ്രപ്പെടുത്തി.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം പുലർത്തുമ്പോഴും കേരളത്തിലെ ജനങ്ങളുടെയും നിയമസഭയുടെയും അഭിപ്രായത്തിനനുകൂലമായി കർഷക ബില്ലിനെക്കുറിച്ച് പ്രതികരിച്ച ഒ.രാജഗോപാലിന്റെ നിലപാടിനെ മന്ത്രി ഐസക് അഭിനന്ദിച്ചു.