
തിരുവനന്തപുരം:കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ:
പ്രമേയത്തിലെ നാലാം ഖണ്ഡികയുടെ തുടക്കത്തിലെ ചില എന്ന വാക്ക് എടുത്തുകളയുക, 'നിയമനിർമാണസഭകളിൽ വേണ്ടത്ര ചർച്ച ചെയ്യാതെയും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പരിശോധനയ്ക്കയക്കാതെയും പാസ്സാക്കിയ വിവാദ കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥമാണെന്ന് ഈ സഭ കരുതുന്നു...' എന്ന് കൂട്ടിച്ചേർക്കുക. ( ഇതിൽ ആദ്യഭാഗം അംഗീകരിച്ചു)
സാധാരണ കൃഷിക്കാരുടെ ആശ്രയമായ പരമ്പരാഗത ഗ്രാമച്ചന്ത സംവിധാനത്തെ തകർത്ത് വൻകിട കോർപ്പറേറ്റുകളുടെ റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകളെന്ന കർഷകരുടെ ആശങ്കകൾ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. ഈ വിവാദനിയമങ്ങൾ കാർഷികോല്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാക്കുമെന്നും കരാർ കൃഷിക്ക് വഴിയൊരുക്കുമെന്നും പാവപ്പെട്ട കർഷകർ ചൂഷണത്തിന് വിധേയരാകുമെന്നുമുള്ള കൃഷിക്കാരുടെ ഭയപ്പാട് പൂർണ്ണമായും ന്യായീകരിക്കത്തക്കതാണ് 'എന്ന് കൂട്ടിച്ചേർക്കുക. (തള്ളി).
പ്രമേയത്തിന്റെ അവസാനഖണ്ഡികയ്ക്ക് തൊട്ടുമുമ്പായി, 'ഉത്തരേന്ത്യയിലെ അതിശൈത്യത്തെയും കൊവിഡ് വ്യാപനഭീഷണിയെയും നേരിട്ട് കർഷകർ സമരമാരംഭിച്ചിട്ട് 35 ദിവസം കഴിഞ്ഞിട്ടും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രി നേരിട്ട് കർഷകസംഘടനകളുമായി ചർച്ചകൾ നടത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ ഇതുവരെ തയ്യാറാകാത്തതിൽ ഈ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു' എന്ന് കൂട്ടിച്ചേർക്കുക. (ശബ്ദ വോട്ടോടെ തള്ളി).