kfc
KFC

തിരുവനന്തപുരം: പുതുവർഷത്തിൽ കെ.എഫ്.സി 1,600 കോടി രൂപയുടെ വായ്പകൾ അവതരിപ്പിക്കും. അടുത്ത മൂന്നുമാസംകൊണ്ട് വായ്പകൾ അതിവേഗത്തിൽ അനുവദിക്കും. ഇതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. മുൻകൂർ ലൈസൻസുകളോ പെർമിറ്റുകളോ വായ്പക്ക് ആവശ്യമില്ല. മൂന്നുവർഷത്തിനകം ലൈസൻസുകൾ ഹാജരാക്കിയാൽ മതി.

കാലതാമസം ഒഴിവാക്കാൻ അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ട. വീഡിയോ കോൺഫറൻസിലൂടെ ആസ്ഥാനമന്ദിരത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി ഉടൻ തീരുമാനമെടുക്കും. വായ്പാ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യ വസ്തുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നത് പകുതിയായി കുറച്ചു.

കൊവിഡിൽ ലാഭ വർദ്ധന

കൊവിഡ്കാലത്ത് വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ട് നേരിട്ട സംരംഭകർക്ക് പലിശ കുടിശിക വായ്പയായി മാറ്റാനുള്ള സൗകര്യം കെ.എഫ്.സി നൽകിയിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 150 കോടി രൂപ തിരിച്ചുകിട്ടി. തിരിച്ചടവ് മുടങ്ങിയതുമൂലം ഏറ്റെടുത്ത 58 വസ്തുക്കൾ വില്പന നടത്തിയതുവഴി സാമ്പത്തിക നേട്ടം ഉണ്ടായി. കിട്ടാക്കടങ്ങളും തിരിച്ചുകിട്ടി. വായ്പ എടുത്തവരുടെ വിവരങ്ങൾ സിബിലിനു കൈമാറിയതിനു പുറമേ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളായ ക്രിഫ്, എക്സ്പീരിയൻ, എക്വിഫാസ് എന്നിവയ്ക്കും നൽകിയിട്ടുണ്ട്. മനഃപൂർവം തിരിച്ചടയ്ക്കാത്തവർക്ക് ഇത് തിരിച്ചടിയാകും.

ബസുകൾ സി.എൻ.ജി

ആക്കാൻ പുതിയ വായ്പ

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പട്ടണങ്ങളിലെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഇനി ഓടിക്കണമെങ്കിൽ സി.എൻ.ജി അല്ലെങ്കിൽ ഇലക്ട്രിക്കൽ ആയി മാറ്റണമെന്നാണ് പുതിയ നിയമം. ഇത്തരം പഴക്കമേറിയ ബസുകൾക്ക് സിലിണ്ടറുകളുടെ എണ്ണം അനുസരിച്ച് 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും.

ആഴ്ചതോറും തിരിച്ചടക്കുന്ന രീതിയിലുള്ള വായ്‌പകളാണ്. മോട്ടോർവാഹന വകുപ്പിൽ നിന്ന് ബസുകൾ രൂപഭേദം വരുത്താൻ യോഗ്യരാണെന്നുള്ള സർട്ടിഫിക്കറ്റ് കിട്ടിയാൽ രൂപാന്തരം നടത്തുന്ന സ്ഥാപനത്തിൽ നേരിട്ട് തുക നൽകും. ആയിരത്തോളം ബസുകൾക്ക് ഈ വായ്പ പദ്ധതി ഉപകാരപ്രദമാകും.