കൊച്ചി: ഇന്ത്യൻ ഹ്യൂമൺ റൈ​റ്റ്‌സ് വാച്ചിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ റാലിയും സമ്മേളനവും ഇന്ന് വൈകിട്ട് 3.30ന് നടക്കും. കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ റാലി ജസ്​റ്റിസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന കർഷകൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. റാലി മേനക ജംഗ്ഷനിലെത്തി തിരിച്ച് ഹൈക്കോടതി ജംഗ്ഷനിലെത്തി സമാപന സമ്മേളനം നടക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയൻ പ്രൊഫ. കെ. അരവിന്ദാക്ഷൻ, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. ഐ.എച്ച്.ആർ.ഡബ്ല്യു കൺവീനർ ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ 2021 കർഷകവർഷമായി പ്രഖ്യാപിക്കുകയും കർഷകസമരത്തെ പിന്തുണച്ചുകൊണ്ടുള്ള സമരപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 10മണി മുതൽ വിവിധ ഗാന്ധിയൻ കൂട്ടായ്മകൾ സംയുക്തമായി കർഷകർക്ക് അഭിവാദ്യമർപ്പിച്ച് സത്യാഗ്രഹം നടത്തും.