
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ പൊള്ളലേറ്റ് മരിച്ച രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവർക്ക് സ്ഥലവും വീടും ധനസഹായവും നൽകാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിൽ മുൻഗണനാ ക്രമത്തിൽ വീട് വച്ചു നൽകും. ഇവരുടെ വിദ്യാഭ്യാസ, ജീവിത ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ലക്ഷംവീട് കോളനി പുറമ്പോക്കിൽ താമസിച്ചുവരികയായിരുന്ന രാജൻ- അമ്പിളി ദമ്പതികളെ ഒഴിപ്പിക്കാൻ പൊലീസ് ചെന്നപ്പോഴാണ് പെട്രോൾ ദേഹത്തൊഴിച്ച് രാജൻ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റേത് അനാവശ്യമായ ഇടപെടലായിരുന്നുവെന്ന ആക്ഷേപമുയർന്നിരുന്നു. കൈയിലിരുന്ന ലൈറ്റർ തട്ടിമാറ്റാൻ പൊലീസ് ശ്രമിക്കവേ, ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു.