roopesh

ഓച്ചിറ: പുതുവത്സര ആഘോഷത്തിന് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. അദിനാട് വടക്ക് രൂപേഷ് ഭവനിൽ രൂപേഷാണ് (39) പൊലീസിന്റെ വലയിലായത്. മത്സ്യത്തൊഴിലാളിയായ രൂപേഷ് മയക്കുമരുന്ന് വില്പനയുടെ സൗകര്യാർത്ഥം രണ്ട് മാസമായി ആയിരംതെങ്ങ് പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. രണ്ട് ഗ്രാം വരുന്ന ന്യൂജനറേഷൻ മയക്കുമരുന്നായ എം.ഡി.എം.എയാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. എം.ഡി.എം.എയ്ക്ക് ഒരുഗ്രാമിന് ഇരുപതിനായിരം രൂപയാണ് മാർക്കറ്റ് വില.പുതുവത്സരാഘോഷത്തിന് ആയിരംതെങ്ങ് ബീച്ചിൽ വിതരണം ചെയ്യുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് പൊടിച്ച് കൈപ്പത്തിയുടെ പുറത്ത് തേച്ച് ശ്വസിക്കുകയാണ് ചെയ്യുന്നത്. ഒരുഗ്രാം മരുന്ന് നിരവധി ആളുകളാണ് ഉപയോഗിക്കുന്നത്. ഓച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘത്തിലെ ഒരു കണ്ണിമാത്രമാണ് പിടിയിലായതെന്നും പ്രധാനികൾ ഉടൻ വലയിലാകുമെന്നും ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശ് വ്യക്തമാക്കി. ഷാഡോ പൊലീസ് എസ്.എെ ജയകുമാർ, എസ്.എെ എസ്.എസ്. ഷിജു, സ്പെഷ്യൽ ബ്രാഞ്ച് എസ്.എെ റോബി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്, റിബു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.