
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവൻ പൊലിഞ്ഞ രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് യൂത്ത് കോൺഗ്രസ് അഞ്ച് ലക്ഷം രൂപ കൈമാറി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റുമാരായ കെ.എസ്.ശബരീനാഥൻ എം.എൽ എ, എൻ.എസ്. നുസുർ, എസ്.എം. ബാലു, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, ജോബിൻ ജേക്കബ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ, ഡോ. സരിൻ തുടങ്ങിയവർ വീട്ടിലെത്തിയാണ് രാഹുലിനും രഞ്ജിത്തിനും തുക കൈമാറിയത്. അനാഥരായ കുട്ടികൾക്ക് വീട് വച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ വീട് നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വീട്ടിലെത്തി സഹായം കൈമാറിയതെന്ന് അവർ പറഞ്ഞു. പ്രഖ്യാപിച്ച മുഴുവൻ സഹായങ്ങളും സമയബന്ധിതമായി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ അനാവശ്യ തിടുക്കം കാരണമാണ് രണ്ടു ജീവനുകൾ കത്തിയമർന്നതെന്നും ഇത്രമേൽ വലിയ ദുരന്തം ഉണ്ടായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ഇപ്പോഴും ആ കുടുംബത്തിനു നേരെ വലിയ ഭീഷണികൾ ഉണ്ടാകുന്നതായും ഇക്കാര്യത്തിൽ ഗൗരവമേറിയ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.